യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ പോർചുഗലും ജർമനിയും സെമിയിൽ. ഡെന്മാർക്കിനെ ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും അവസാന നാലിൽ എത്തിയത്.
ആദ്യപാദത്തിലേറ്റ ഒരു ഗോൾ തോൽവിയുടെ ക്ഷീണം സ്വന്തം ആരാധകർക്കു മുന്നിൽ പറങ്കിപ്പട തീർത്തു. നിശ്ചിത സമയം 3-2 എന്ന സ്കോറിൽ അവസാനിച്ചതോടെ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്ത് രണ്ടു ഗോൾ നേടിയാണ് പോർചുഗൽ ജയം പിടിച്ചത്. 38ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർചുഗലാണ് ലീഡെടുത്തത്. 56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു. തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ 72ാം മിനിറ്റിൽ വല കുലുക്കി. 76ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഒപ്പമെത്തി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് ഒരു ഗോളിനു മുന്നിൽ.
നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് ബാക്കി നിൽക്കെ ഫ്രാൻസിസ്കോ ട്രിങ്കാവോയിലൂടെ പോർചുഗൾ ഒരു ഗോൾ മടക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ ട്രിങ്കാവോ വീണ്ടും രക്ഷകനായി. 115ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ആദ്യപാദ വിജയത്തിന്‍റെ മുൻതൂക്കത്തിലാണ് ജർമനി നേഷൻസ് ലീഗിന്‍റെ അവസാന നാലിൽ എത്തിയത്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ഇരുടീമുകളും മൂന്നുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ 2-1ന്‍റെ വിജയത്തിന്‍റെ ബലത്തിൽ ജർമനി സെമിയിലേക്ക്. ഗോൾ കീപ്പർ ഡോണ്ണാറുമ്മയുടെ പിഴവുകളാണ് ഇറ്റലിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്.
ജോഷ്വാ കിമ്മിച്ച് (30ാം മിനിറ്റിൽ, പെനാൽറ്റി), ജമാൽ മൂസിയാല (36), ടിം ക്ലീൻഡിയൻസ്റ്റ് (45) എന്നിവരിലൂടെ ആദ്യപകുതിയിൽ തന്നെ ജർമനി മൂന്നു ഗോളിന്‍റെ ലീഡെടുത്തു. ഇടവേളക്കുശേഷം ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. 49, 69 മിനിറ്റുകളിൽ മൊയ്സെ കീനും ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജിയാക്കോമോ റാസ്പഡോരിയും ടീമിനെ ഒപ്പമെത്തിച്ചെങ്കിലും മറ്റൊരു ഗോൾ മടക്കാനുള്ള സമയം അസൂരി പടക്ക് ബാക്കിയില്ലായിരുന്നു.
ഇരുപാദങ്ങളിലുമായി 5-4 എന്ന സ്കോറിൽ ജർമനി സെമിയിലേക്ക്. പോർചുഗലാണ് സെമിയിൽ ജർമനിയുടെ എതിരാളികൾ. ജൂണിലാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.