പാരിസ്: രണ്ടാം പാദ മത്സരം തോറ്റെങ്കിലും എവേ ഗോളിന്‍റെ ബലത്തിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിന് പുറത്തേക്കുള്ള വഴി കാണിച്ച് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ കടന്നു.
രണ്ടാം പാദ ക്വാർട്ടറിൽ 1-0ത്തിനായിരുന്നു ബയേണിന്‍റെ ജയം. എന്നാൽ സ്വന്തം മൈതാനത്തിലേറ്റ 3-2ന്‍റെ തോൽവിയുടെ ക്ഷീണം തീർക്കാൻ ആ ജയം പോരായിരുന്നു. പോർചുഗീസ് ക്ലബായ എഫ്.സി. പോർട്ടോയെ ഇരുപാദങ്ങളിലുമായി 2-1ന് വീഴ്ത്തി ഇംഗ്ലീഷ് കരുത്തരായ ചെൽസിയും സെമിയിലെത്തി.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടുകയായിരുന്നു പി.എസ്.ജി. ആദ്യപാദത്തിലെ തോൽവിയുടെ ഫലമായി ജർമൻ ജേതാക്കളായ ബയേണിന് രണ്ട് ഗോൾ മാർജിനിൽ ജയിക്കേണ്ടിയിരുന്നു. എന്നാൽ പാർക് ഡി പ്രിൻസസിൽ ഒരുഗോളിന് മാത്രമാണ് ബയേണിന് വിജയിക്കാനായത്.
മത്സരത്തിൽ പി.എസ്.ജിയുടെ ആധിപത്യമാണ് കണ്ടതെങ്കിലും 40ാം മിനിറ്റിൽ ചൂപോ മോട്ടിങ് ബയേണിനായി വലുകലക്കി. പി.എസ്.ജി സൂപ്പർ താരം നെയ്മറിന്റെ രണ്ട് ഗോൾ അവസരങ്ങൾ വിഫലമായി. അഗ്രിഗേറ്റ് സ്കോർ 3-3 ആയതോടെ എവേ ഗോൾ ആനുകൂല്യത്തിൽ പി.എസ്.ജി അവസാന നാലിലെത്തുകയായിരുന്നു.
ആദ്യ പാദ മത്സരത്തിൽ പോർട്ടോക്കെതിരെ 2-0ത്തിനായിരുന്നു ചെൽസിയുടെ വിജയം. രണ്ടാം പാദ മത്സരത്തിന്‍റെ ഇഞ്ചുറി സമയത്ത് മെഹ്ദി തരേമിയുടെ വണ്ടർ ഗോളിലൂടെ പോർട്ടോ വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 2-1ന്‍റെ മുൻതൂക്കത്തിൽ ചെൽസി മുന്നേറി.
ബൈസിക്കിൾ കിക്കിലൂടെയാണ് പോർട്ടോ താരം ലക്ഷ്യം കണ്ടത്. 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.