ദോഹ: ലയണൽ സ്കലോണിയുടെയും മെസ്സിയുടെയും കീഴിയിൽ അർജന്റീന ഫിഫ ലോകകപ്പ് കിരീടമുയർത്തി ഒരു മാസം പിന്നിടുമ്പോൾ, ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്ന വസ്തുതകളും കണക്കുകളും റെക്കോഡുകളും ഫിഫ പുറത്തുവിട്ടു. 2022 ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം ലോകമെമ്പാടുമുള്ള 150 കോടി ആരാധകരാണ് കണ്ടത്. മാധ്യമ ലോകത്തിലുടനീളമുള്ള നിരവധി പ്ലാറ്റ്ഫോമുകളിലൂടെയും ഉപകരണങ്ങളിലൂടെയുമായി ഏകദേശം 500 കോടി ആളുകൾ ഫിഫ ലോകകപ്പ് ഖത്തറുമായി ഏർപ്പെട്ട് പ്രവർത്തിച്ചുവെന്ന് ഫിഫ പുറത്തുവിട്ട കണക്കുകളിൽ ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളിൽ, നീൽസന്റെ അഭിപ്രായത്തിൽ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി 93.6 ദശലക്ഷം പോസ്റ്റുകളുണ്ടായിട്ടുണ്ട്. അതോടൊപ്പം 262 ബില്യൻ ക്യുമുലേറ്റിവ് റീച്ചും ലഭിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പും ഖത്തറിലേതാണ്-172 ഗോളുകൾ. 1998ലും 2014ലും നേടിയ 171 ഗോൾ എന്ന റെക്കോഡാണ് ഖത്തറിൽ തകർക്കപ്പെട്ടത്.
1994ൽ റോസ്ബൗളിൽ ബ്രസീൽ-ഇറ്റലി ഫൈനലിൽ 94,194 ആരാധകർ സ്റ്റേഡിയത്തിൽ ഹാജരായ റെക്കോഡിന് ശേഷം ഏറ്റവും കൂടുതൽ ആരാധകരെത്തുന്ന മത്സരങ്ങൾക്ക് ലുസൈൽ സാക്ഷ്യം വഹിച്ചു. ലുസൈലിലെ മൂന്നു മത്സരങ്ങൾ ഈയിനത്തിൽ പുതിയ റെക്കോഡ് സ്ഥാപിച്ചു.
അഞ്ച് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണോൾഡോ റെക്കോഡിട്ടതും ഖത്തറിലാണ്. 2006 മുതൽ 2022 വരെയുള്ള അഞ്ച് ലോകകപ്പുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി. പ്രീക്വാർട്ടറിന് ശേഷം തുടർച്ചയായി നാല് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സിയും റെക്കോഡ് സ്ഥാപിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ലോതർ മത്തേയൂസിന്റെ റെക്കോഡ് 26 മത്സരങ്ങളിൽ ബൂട്ട് കെട്ടി മെസ്സി ഖത്തറിൽ മറികടന്നു.
ക്രൊയേഷ്യക്കെതിരെ കാനഡയുടെ അൽഫോൺസോ ഡേവിസ് 68ാം സെക്കൻഡിൽ നേടിയ ഗോൾ ഏറ്റവും വേഗമേറിയതായി. 18 വയസ്സും 118 ദിസവും പ്രായമുള്ള സ്പെയിൻ താരം ഗാവി ഗോൾ നേടിയതോടെ പെലെക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണത്തിനുടമയായി. കോസ്റ്ററിക്കക്കെതിരെയാണ് ഗാവിയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.