ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത് 500 കോടി പേർ
text_fieldsദോഹ: ലയണൽ സ്കലോണിയുടെയും മെസ്സിയുടെയും കീഴിയിൽ അർജന്റീന ഫിഫ ലോകകപ്പ് കിരീടമുയർത്തി ഒരു മാസം പിന്നിടുമ്പോൾ, ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്ന വസ്തുതകളും കണക്കുകളും റെക്കോഡുകളും ഫിഫ പുറത്തുവിട്ടു. 2022 ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം ലോകമെമ്പാടുമുള്ള 150 കോടി ആരാധകരാണ് കണ്ടത്. മാധ്യമ ലോകത്തിലുടനീളമുള്ള നിരവധി പ്ലാറ്റ്ഫോമുകളിലൂടെയും ഉപകരണങ്ങളിലൂടെയുമായി ഏകദേശം 500 കോടി ആളുകൾ ഫിഫ ലോകകപ്പ് ഖത്തറുമായി ഏർപ്പെട്ട് പ്രവർത്തിച്ചുവെന്ന് ഫിഫ പുറത്തുവിട്ട കണക്കുകളിൽ ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളിൽ, നീൽസന്റെ അഭിപ്രായത്തിൽ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി 93.6 ദശലക്ഷം പോസ്റ്റുകളുണ്ടായിട്ടുണ്ട്. അതോടൊപ്പം 262 ബില്യൻ ക്യുമുലേറ്റിവ് റീച്ചും ലഭിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പും ഖത്തറിലേതാണ്-172 ഗോളുകൾ. 1998ലും 2014ലും നേടിയ 171 ഗോൾ എന്ന റെക്കോഡാണ് ഖത്തറിൽ തകർക്കപ്പെട്ടത്.
1994ൽ റോസ്ബൗളിൽ ബ്രസീൽ-ഇറ്റലി ഫൈനലിൽ 94,194 ആരാധകർ സ്റ്റേഡിയത്തിൽ ഹാജരായ റെക്കോഡിന് ശേഷം ഏറ്റവും കൂടുതൽ ആരാധകരെത്തുന്ന മത്സരങ്ങൾക്ക് ലുസൈൽ സാക്ഷ്യം വഹിച്ചു. ലുസൈലിലെ മൂന്നു മത്സരങ്ങൾ ഈയിനത്തിൽ പുതിയ റെക്കോഡ് സ്ഥാപിച്ചു.
അഞ്ച് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണോൾഡോ റെക്കോഡിട്ടതും ഖത്തറിലാണ്. 2006 മുതൽ 2022 വരെയുള്ള അഞ്ച് ലോകകപ്പുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി. പ്രീക്വാർട്ടറിന് ശേഷം തുടർച്ചയായി നാല് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സിയും റെക്കോഡ് സ്ഥാപിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ലോതർ മത്തേയൂസിന്റെ റെക്കോഡ് 26 മത്സരങ്ങളിൽ ബൂട്ട് കെട്ടി മെസ്സി ഖത്തറിൽ മറികടന്നു.
ക്രൊയേഷ്യക്കെതിരെ കാനഡയുടെ അൽഫോൺസോ ഡേവിസ് 68ാം സെക്കൻഡിൽ നേടിയ ഗോൾ ഏറ്റവും വേഗമേറിയതായി. 18 വയസ്സും 118 ദിസവും പ്രായമുള്ള സ്പെയിൻ താരം ഗാവി ഗോൾ നേടിയതോടെ പെലെക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണത്തിനുടമയായി. കോസ്റ്ററിക്കക്കെതിരെയാണ് ഗാവിയുടെ നേട്ടം.
ശ്രദ്ധേയമായ ലോകകപ്പ് നേട്ടങ്ങൾ
- ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന വനിതാ റഫറിയായി ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപാർട്ട് പുതിയ ചരിത്രം കുറിച്ചു. ഫ്രപാർട്ടിനൊപ്പം അസിസ്റ്റൻറുമാരായ ന്യൂസ ബാക്ക്, കാരൻ ഡയസ് എന്നിവർ ചേർന്ന് ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ ത്രയവുമായി.
- ലോകകപ്പ് ചരിത്രത്തിലാദ്യമായി അവസാന 16ൽ മൂന്ന് ഏഷ്യൻ ടീമുകൾ ഇടം നേടി.
- മൊറോക്കോയുടെ അവിശ്വസനീയ കുതിപ്പ്. ലോകകപ്പ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീം.
- ഫിഫ ഫാൻ ഫെസ്റ്റിവലിൽ 18.5 ലക്ഷം ആരാധകർ പങ്കെടുത്തതും പുതിയ റെക്കോർഡാണ്. ചരിത്രത്തിലാദ്യമായി ഫാൻ ഫെസ്റ്റിവലിന് സ്വന്തമായി തീം സോങ് പുറത്തിറങ്ങി. യൂട്യൂബിൽ 450 ദശലക്ഷം പ്രേക്ഷകരെ സൃഷ്ടിച്ച ആദ്യ ഫിഫ ലോകകപ്പ് ഒഫീഷ്യൽ സൗണ്ട്ട്രാക്കിലെ ഒമ്പത് ഗാനങ്ങളിലൊന്നായ ടുകോ ടാക്കയാണ് ഫാൻ ഫെസ്റ്റിവലിനായി മാത്രം പുറത്തിറക്കിയത്.
- 150 രാജ്യങ്ങളിൽ നിന്നായി 20000 വളണ്ടിയർമാർ ഈ ലോകകപ്പിന്റെ ഭാഗമായി. ഖത്തറിൽ നിന്ന് മാത്രം 17000 വളണ്ടിയർമാരെയാണ് തെരഞ്ഞെടുത്തത്. 18 മുതൽ 77 വരെ വയസ്സുള്ളവർ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.