ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കളിയാരാധകരെ നിയന്ത്രണങ്ങളില്ലാതെ ലോകകപ്പ് നഗരിയിലേക്ക് സ്വാഗതം ചെയ്ത് ഖത്തർ. ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ചൊവ്വാഴ്ച മുതൽ ഖത്തറിലേക്ക് പ്രവേശനം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറങ്ങി.
ലോകകപ്പിൻെറ നോക്കൗട്ട് മത്സരങ്ങൾ സജീവമായതിനു പിന്നാലെയാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലെത്താനുള്ള വാതിലുകൾ തുറന്നു നൽകുന്നത്. അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾക്ക് പുറമെ വിവിധ ഇടങ്ങളിൽ നടക്കുന്ന, ലോകകപ്പിൻെറ ആഘോഷങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നത്.
മൂന്ന് മാർഗങ്ങളിലൂടെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ സൗകര്യമുള്ളത്. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ മാച്ച് ടിക്കറ്റും ഹയ്യാ കാർഡും നിർബന്ധമാണ്. അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്ക് ഹയ്യാ കാർഡ് വഴിയാണ് പ്രവേശനം.
വിമാനത്താവളങ്ങൾ വഴി
ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും ആകാശമാർഗം ഡിസംബർ ആറ് ചൊവ്വാഴ്ച മുതൽ തന്നെ ഹയ്യാകാർഡും മാച്ച് ടിക്കറ്റുമില്ലാതെ ഖത്തറിൽ പ്രവേശനം ആരംഭിച്ചു.
കരമാർഗം ബസ് വഴി
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബസ് വഴിയെത്തുന്നവർക്ക് അബൂസംറ അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കാം. പതിവ് പോലെ, സന്ദർശകർക്ക് ഫീസില്ലാതെ പാർക്കിങ്ങിന് സൗകര്യമുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ
സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് ഡിസംബർ എട്ട് മുതലാണ് ഹയ്യാകാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി പെർമിറ്റിന് അപേക്ഷിക്കണം. വാഹന പെർമിറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.