‘ഗോളടിക്കും, അർജന്‍റീനയെ തോൽപിക്കും’; ബ്രസീൽ-അർജന്‍റീന പോരിന് തീപിടിപ്പിച്ച് റാഫിഞ്ഞ...

‘ഗോളടിക്കും, അർജന്‍റീനയെ തോൽപിക്കും’; ബ്രസീൽ-അർജന്‍റീന പോരിന് തീപിടിപ്പിച്ച് റാഫിഞ്ഞ...

ലോക ഫുട്ബാളിലെ സൂപ്പർ പവറുകളായ ബ്രസീലും അർജന്‍റീനയും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കെ, പോരിന് തീപിടിപ്പിക്കുന്ന അവകാശവാദവുമായി റാഫിഞ്ഞ. അർജന്‍റീനക്കെതിരായ മത്സരത്തിൽ തങ്ങൾ ജയിക്കുമെന്ന് ബ്രസീൽ താരം റാഫിഞ്ഞ പറഞ്ഞു.

ബ്രസീൽ മുൻതാരം റൊമാരിയോയുമായി നടത്തിയ അഭിമുഖത്തിലാണ് വിങ്ങർ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം. നിലവിൽ തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ അർജന്‍റീന ഒന്നാമതും ബ്രസീൽ രണ്ടാമതുമാണ്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്‍റീന കളത്തിലിറങ്ങുന്നത്. കാനറി പടയിൽ നെയ്മറുമില്ല. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ കൊളംബിയയെയും അർജന്‍റീന ഉറുഗ്വായിയെയും തോൽപിച്ചിരുന്നു.

‘ഒരു സംശയവും വേണ്ട, അർജന്‍റീനയെ നമ്മൾ തോൽപിക്കും, പറ്റുമെങ്കിൽ കളത്തിലും പുറത്തും’ -റാഫിഞ്ഞ പറഞ്ഞു. നമ്മുടെ ബദ്ധവൈരികളായ അർജന്‍റീനക്കെതിരെ കളിക്കാൻ പോകുകയാണ്, മെസ്സിയില്ലാത്ത അവരെ നമ്മൾ പരാജയപ്പെടുത്തുമോ എന്ന റൊമാരിയോയുടെ ചോദ്യത്തിന് മറുപടിയായാണ് ബാഴ്സ താരം ഇക്കാര്യം വ്യക്തമാക്കിയത്. അർജന്‍റീനക്കെതിരെ ഗോൾ നേടുമോ എന്ന ചോദ്യത്തിന്, ഗോളടിക്കും എന്നും താരം മറുപടി നൽകി.

ബ്രസീലും അർജന്‍റീനയും ഇതുവരെ 109 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 45 ജയവുമായി ബ്രസീലാണ് മുന്നിൽ. അർജന്‍റീന 41 മത്സരങ്ങളിൽ ജയിച്ചു. കഴിഞ്ഞ തവണ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ അർജന്‍റീനക്കൊപ്പമായിരുന്നു ജയം. എന്നാൽ, ഇത്തവണ മെസ്സി ഇല്ലാതെയാണ് അർജന്‍റീന എത്തുന്നത്. ഒരു പോയന്‍റ് അകലെയാണ് ലയണൽ സ്കലോണിക്കും സംഘത്തിനും ലോകകപ്പ് യോഗ്യത.

അതേസമയം, കൊളംബിയയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലീസണ്‍ ബെക്കറിന് അര്‍ജന്റീനയുമായുള്ള മത്സരം നഷ്ടമായേക്കും. മത്സരത്തിന്റെ 75-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധനിരതാരം ഡാവിന്‍സണ്‍ സാഞ്ചസുമായി ബോക്‌സിനുള്ളില്‍ കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റിന്നു. രണ്ടാം കീപ്പര്‍ ബെന്റോയാണ് പിന്നീട് ഗോൾ വല കാത്തത്.

Tags:    
News Summary - Raphinha makes emphatic claim about facing Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.