വലൻസിയ: പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് സെമിയിൽ. വലൻസിയയിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ അധിക സമയത്തും നിശ്ചിത സമയത്തും ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ആദ്യപാദ മത്സരവും സമനിലയിലാണ് (2-2) കലാശിച്ചത്.
ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് സ്പാനിഷ് അർമാഡയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോൾ വീതം നേടിയതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്. ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം സ്പെയിനായിരുന്നു. എട്ടാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റയൽ സോസിഡാഡ് താരം മൈക്കൽ ഒയാർസബാൽ ആതിഥേയരെ മുന്നിലെത്തിച്ചു. ഹോളണ്ടിന്‍റെ പ്രതിരോധ താരം ജാൻ പോൾ വാൻഹെക്ക് ബോക്സിനുള്ളിൽ ഒയാർസബാലിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. 54ാം മിനിറ്റിൽ മെംഫിസ് ഡിപായി പെനാൽറ്റി വലയിലാക്കി ടീമിനെ ഒപ്പമെത്തിച്ചു. ദേശീയ ടീമിനായി നൂറാമത്തെ മത്സരമാണ് താരം കളിച്ചത്.
67ാം മിനിറ്റിൽ ഒയാർസബാലിലൂടെ സ്പെയിൻ വീണ്ടും ലീഡെടുത്തു. യുവതാരങ്ങളായ ലാമിൻ യമാലും നീകോ വില്യംസും നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളിന് വഴിയൊരുക്കിയത്. 79ാം മിനിറ്റിൽ ഇയാൽ മാറ്റ്സന്‍റെ ഒരു കിടിലൻ ഇടങ്കാൽ ബുള്ളറ്റ് ഷോട്ട് ലക്ഷ്യം കണ്ടതോടെ മത്സരം ഒപ്പത്തിനൊപ്പം. ബാക്കിയുള്ള സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക്. 103ാം മിനിറ്റിൽ യമാലും ഹോളണ്ടിനായി 109ാം മിനിറ്റിൽ സാവി സിമോൺസും ഗോൾ നേടിയതോടെ അധിക സമയത്തും സമനിലയിലാണ് മത്സരം അവസാനിച്ചത്.
ഷൂട്ടൗട്ടിൽ സ്പെയിൻ നിരയിൽ യമാൽ അവസരം നഷ്ടപ്പെടുത്തി, ഡോണെൽ മാലൻ, നോവ ലാങ് എന്നിവർക്കും നെതർലൻഡ്സിനായി ലക്ഷ്യം കാണാനായില്ല. ഇതോടെ 5-4 എന്ന സ്കോറിൽ സ്പെയിൻ നേഷൻസ് ലീഗിന്‍റെ അവസാന നാലിൽ ഇടംഉറപ്പിച്ചു. ഫ്രാൻസാണ് സെമിയിൽ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.