സുപ്രീംകോടതിയുടെ 'സിസർകട്ട്'; ഇന്ത്യയുടെ വിലക്ക് നീക്കാൻ സാധ്യത തെളിഞ്ഞു

ന്യൂഡൽഹി: ഫിഫ വിലക്കുമൂലം അണ്ടർ17 വനിത ലോകകപ്പ് ആതിഥേയത്വം നഷ്ടപ്പെടുകയും ഇന്ത്യൻ ടീമുകൾക്ക് അന്താരാഷ്ട്രതലത്തിൽ കളിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരിഹാരമെന്നോണം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധികാരം കാര്യനിർവഹണ സമിതിയിൽനിന്ന് തിരിച്ചെടുത്ത് സുപ്രീംകോടതി.

ലോകകപ്പിന് വേദിയാവാനുള്ള ഇന്ത്യയുടെ അനിഷേധ പ്രാധാന്യം കണക്കിലെടുത്താണ് മുൻ ഉത്തരവ് കോടതി പരിഷ്കരിച്ചത്. ഇതുപ്രകാരം കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും എ.ഐ.എഫ്.എഫ് ആക്ടിങ് ജനറൽ സെക്രട്ടറി ജനറലിന് ദൈനംദിന കാര്യങ്ങളുടെ ചുമതല തിരിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ച നീട്ടി. 36 അംഗ അസോസിയേഷൻ പ്രതിനിധികൾക്ക് മാത്രമായിരിക്കും വോട്ടവകാശം. 23 അംഗങ്ങളാണ് എ.ഐ.എഫ്.എഫ് നിർവാഹകസമിതിയിലുണ്ടാവുക. 17 പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. ബാക്കി ആറുപേർ -നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും, നാമനിർദേശം ചെയ്യപ്പെടുന്ന പ്രമുഖ താരങ്ങളായിരിക്കും. ഫിഫയുടെ ചട്ടങ്ങൾ പാലിക്കപ്പടുന്നതോടെ ഇന്ത്യക്കുള്ള വിലക്ക് സമീപഭാവിയിൽത്തന്നെ നീക്കാനാണ് സാധ്യത.

അധികാര ദുർവിനിയോഗമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കാലാവധി കഴിഞ്ഞിട്ടും തുടർന്ന ഫുട്ബാൾ ഫെഡറേഷൻ കമ്മിറ്റിയെ സുപ്രീംകോടതി നീക്കി മേയ് 18നാണ് മൂന്നംഗ കാര്യനിർവഹണ സമിതിയെ ചുമതല ഏൽപിച്ചത്. ഭരണഘടന പരിഷ്കാര ചുമതലയും സമിതിക്ക് നൽകി. ഇതിന്റെ കരട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, കരടിലെ പല നിർദേശങ്ങളും യുക്തിരഹിതമാണെന്ന് സംസ്ഥാന അസോസിയേഷനുകൾ വ്യക്തമാക്കിയിരുന്നു.

ഫിഫ നിയോഗിച്ച പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്ത് കഴിഞ്ഞ‍യാഴ്ച ഇന്ത്യക്ക് സസ്പെൻഷൻ ഏർപ്പെടുത്തുകയായിരുന്നു. മൂന്നാംകക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഒപ്പം അണ്ടർ17 വനിത ലോകകപ്പ് ആതിഥേയാവകാശവും നഷ്ടമായി. ഇന്ത്യൻ ദേശീയ ടീമുകൾക്ക് പുറമെ ക്ലബുകൾക്കുപോലും വിദേശത്ത് കളിക്കാനാവാത്ത സാഹചര്യംവന്നു. ഇതെല്ലാം അടിയന്തരമായി മറികടക്കുന്നതിനാണ് കോടതി, കാര്യ നിർവഹണ സമിതിയെ പിരിച്ചുവിട്ടത്. അതേസമയം, ഭരണഘടനക്ക് അന്തിമരൂപം നൽകുന്നതിന് സമിതി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അമികസ്ക്യൂറിയായി തുടരും.

കോടതികൂടി അംഗീകരിച്ച തീയതിയായ ആഗസ്റ്റ് 28ന് തെരഞ്ഞെടപ്പ് നടത്താനായിരുന്നു തീരുമാനം. ഇതിനായി ഉമേഷ് സിൻഹയെയും തപസ് ഭട്ടാചാര്യയെയും വരണാധികാരികളായും സമിതി നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒരാഴ്ചകൂടി നീട്ടുന്നതായും പ്രക്രിയ പൂർത്തിയാക്കുന്നതിന് ഇരുവരും കോടതി നിയോഗിച്ച വരണാധികാരികളായി തുടരുമെന്നും തിങ്കളാഴ്ചത്തെ ഉത്തരവിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പും അന്താരാഷ്ട്ര ഫെഡറേഷൻ നിഷ്കർഷിക്കുന്ന തരത്തിലാകണമെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. സംസ്ഥാന അസോസിയേഷനുകൾക്ക് മാത്രമാണ് വോട്ടുണ്ടായിരുന്നത്. ഇതിനുപുറമെ 36 ഉന്നത താരങ്ങളെക്കൂടി (24 പുരുഷന്മാരും 12 വനിതകളും) വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് ഫിഫ അംഗീകരിച്ചിരുന്നില്ല. നിർവാഹക സമിതിയിലേക്ക് ഉന്നത താരങ്ങളെന്ന നിലയിൽ മത്സരിക്കേണ്ടതില്ലെന്നും അവരെ നാമനിർദേശം ചെയ്യാമെന്നും അസോസിയേഷനുകൾക്ക് മാത്രം വോട്ടവകാശം മതിയെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം സുപ്രീംകോടതി അംഗീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    
News Summary - Supreme Court's 'Scissorcut'; India's ban is likely to be lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.