കോവിഡ് വാക്സിനെടുക്കാത്തതിന്റെ പേരിൽ ആസ്ട്രേലിയക്കു ശേഷം യു.എസും പ്രവേശന വിലക്കേർപ്പെടുത്തുകയും ഒന്നാം റാങ്ക് നഷ്ടമാകുകയും ചെയ്തെങ്കിലും ഒട്ടും ഖേദിക്കുന്നില്ലെന്ന് നൊവാക് ദ്യോകോവിച്ച്. ഇന്ത്യൻ വെൽസും മിയാമി ഓപണും മുടങ്ങിയതിനു പിന്നാലെ കിരീടം ചൂടിയ അൽകാരസ് ഒന്നാം സ്ഥാനത്തേക്കു കയറിയിരുന്നു. ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതൽ ആഴ്ചകൾ തുടർന്ന റെക്കോഡ് പഴങ്കഥയാക്കിയതിനു പിന്നാലെയായിരുന്നു യു.എസിൽ പ്രവേശിക്കാൻ താരത്തിന് വിലക്കുവന്നത്.
പ്രത്യേക അനുമതി തേടി അപേക്ഷ നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്നായിരുന്നു യു.എസ് നിലപാട്. മേയിൽ കോവിഡ് പുനരവലോകന യോഗത്തിനു ശേഷമേ വിഷയത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോർട്ട്.
‘‘എനിക്ക് ഖേദമില്ല. ഖേദം നമ്മെ പിറകോട്ടടിക്കുകയേ ഉള്ളൂവെന്നും പഴയ കാലത്ത് ജീവിക്കാനേ പഠിപ്പിക്കൂ എന്നും ജീവിതത്തിൽനിന്ന് അഭ്യസിച്ച പാഠമാണ്. അങ്ങനെ ജീവിക്കാൻ ഞാനില്ല. എന്നുവെച്ച് ഭാവിയിലേക്കുവേണ്ടി ഒരു പാട് ചെയ്തുകൂട്ടാനുമില്ല. വർത്തമാനത്തിൽ ജീവിച്ച് മികച്ച ഭാവി കെട്ടിപ്പടുക്കുകയാകണം ലക്ഷ്യം’’- ദ്യോകോ പറഞ്ഞു.
22 ഗ്രാൻഡ് സ്ലാമുകളിൽ മൂന്നെണ്ണമടക്കം കരിയറിലെ വലിയ വിജയങ്ങൾ കുറിച്ച യു.എസിൽ പ്രവേശന വിലക്കു നേരിട്ടത് സങ്കടകരമാണെങ്കിലും ബോധപൂർവം എടുത്ത തീരുമാനമായതിനാൽ ഇനിയും യാത്രവിലക്ക് തുടരാമെന്നും ദ്യോകോ കൂട്ടിച്ചേർത്തു.
സ്വന്തത്തോട് സത്യസന്ധത പാലിച്ച് സ്വന്തം ബോധ്യങ്ങളും അവകാശങ്ങളും മുറുകെ പിടിക്കലും മറ്റെന്തിനെക്കാളും പ്രധാനമാണെന്നും സെർബ് താരം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.