ഗാലറിയിൽ ആ അമ്മ കണ്ണീർ വാർത്തു; ഒരു ഫുട്ബാളറുടെ ഏറ്റവും കയ്പേറിയ അരങ്ങേറ്റം കണ്ട്...VIDEO

ഇസ്തംബൂൾ: തുർക്കി ക്ലബായ ആന്റലിസാപോറിലേക്ക് ​ഈ സീസണിൽ ചേക്കേറിയതാണ് ജപ്പാന്റെ ഇന്റർനാഷനൽ ഫുട്ബാളറായ ഷോയ നകാജിമ. തുർക്കി ലീഗിൽ അദാന ദെമിർസ്​പോറിനെതിരായ ഹോം മത്സരത്തിൽ പുതിയ ക്ലബിനുവേണ്ടി അരങ്ങേറാൻ അവസരം ലഭിച്ച സന്തോഷത്തിൽ കളത്തിലെത്തിയത് 59-ാം മിനിറ്റിൽ. അരങ്ങേറ്റം കാണാൻ ഗാലറിയിൽ മാതാവ് ഉൾപെടെ ആവേശത്തോടെ കുടുംബാംഗങ്ങൾ.

പക്ഷേ, ആ ആഹ്ലാദമെല്ലാം കെട്ടടങ്ങിയത് വെറും ഒമ്പതു സെക്കൻഡിൽ. എതിർ താരത്തിലേക്കുള്ള പന്തിന്റെ നീക്കം തടയാൻ കാൽനീട്ടിവെച്ച ഷോയയുടെ കണക്കുകൂട്ടൽ തെറ്റിയപ്പോൾ അതൊരു ഫൗളായി മാറി. റഫറി ഉടൻതന്നെ മഞ്ഞക്കാർഡെടുത്ത് വീശി.


എന്നാൽ, ഫൗളിന്റെ വ്യാപ്തിയെക്കുറിച്ച് 'വാറി'ൽ പരിശോധന നടത്തിയതോടെ റഫറി നിലപാടു കടുപ്പിച്ചു. ആ ടാക്ലിങ് ഏറെ അപകടരമാണെന്ന് വിധിയെഴുതിയ റഫറി മഞ്ഞക്കാർഡ് പിൻവലിച്ച് പോക്കറ്റിൽനിന്ന് ചുകപ്പുകാർഡെടുത്ത് നീട്ടി. ഷോയ കളത്തിലെത്തിയശേഷം കളി പുനരാരംഭിച്ച് ഒമ്പതു സെക്കൻഡിനകമാണ് ആ ഫൗൾ നടന്നത്. പിന്നാലെ തിരിച്ചുപോക്കും.

ഗാലറിയിൽ ഇതുകണ്ട ഷോയയുടെ മാതാവിന് കരച്ചിലടക്കാനായില്ല. മകന്റെ അരങ്ങേറ്റ മത്സരത്തിന് സാക്ഷിയാകാനെത്തിയ അവർക്ക് ചുകപ്പുകാർഡിന്റെ ശിക്ഷാവിധിയിൽ മകൻ കളത്തിൽനിന്ന് തിരിച്ചുകയറുന്നത് കാണാനായിരുന്നു നിയോഗം.

28കാരനായ ഷോയ പോർചുഗീസ് ക്ലബായ എഫ്.സി പോർട്ടോയിൽനിന്നാണ് ഈ സീസണിൽ തുർക്കി ക്ലബിലേക്ക് ചേക്കേറിയത്. 'എക്കാലത്തെയും ഏറ്റവും മോശം അരങ്ങേറ്റം' എന്നാണ് മാധ്യമങ്ങൾ ഷോയയുടെ 'പ്രകടനത്തെ' വിശേഷിപ്പിച്ചത്. മത്സരത്തിൽ ആന്റലിസാപോർ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽവി വഴങ്ങുകയും ചെയ്തു.

Tags:    
News Summary - The shortest and most bitter debut in football history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.