ഉറുഗ്വായ് ജഴ്സിയിൽ ഇനി ഒരിക്കൽ മാത്രം; കളമൊഴിയൽ പ്രഖ്യാപിച്ച് ലൂയി സുവാരസ്

മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഉറുഗ്വായ് സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസ്. 17 വർഷത്തെ കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. 142 മത്സരങ്ങളിൽ രാജ്യത്തിന്റെ ജഴ്സിയിലിറങ്ങിയ 37കാരൻ 69 ഗോളുകൾ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടത്തോടെയാണ് പടിയിറങ്ങുന്നത്.

വെള്ളിയാഴ്ച പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം തന്റെ അവസാനത്തേതായിരുക്കുമെന്ന് താരം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ‘റിട്ടയർ ചെയ്യാനുള്ളത് എന്റെ തീരുമാനമാണ്. പരിക്കുകൾ കാരണമോ എന്നെ ഒഴിവാക്കിയത് കാരണമോ വിരമിക്കേണ്ടി വന്നില്ലെന്നത് എനിക്ക് വളരെയധികം ആശ്വാസം നൽകുന്നു. ഇത് പ്രയാസമേറിയ തീരുമാനമാണ്. എന്നാൽ, അവസാന മത്സരം വരെ ഞാൻ കഴിയുന്നതെല്ലാം നൽകി. ആ ജ്വാല അണഞ്ഞിട്ടില്ല എന്നത് എനിക്ക് മനസ്സമാധാനം നൽകുന്നു’ -സുവാരസ് പറഞ്ഞു.

2007ലാണ് സുവാരസ് ഉറുഗ്വായ് ജഴ്സിയിൽ ആദ്യമായി ഇറങ്ങുന്നത്. ടീമിന്റെ പ്രധാന ഫിനിഷറായി പേരെടുത്ത താരം 2010 ലോകകപ്പിൽ ടീം സെമിയിലെത്തിയപ്പോഴും തൊട്ടടുത്ത വർഷം കോപ അമേരിക്ക ജേതാക്കളായപ്പോഴും നിർണായക സാന്നിധ്യമായി.

നിലവിൽ ​അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർക്കൊപ്പം അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിക്കായി കളിക്കുന്ന സുവാരസ് ഇത് തന്റെ അവസാന ക്ലബായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Just one more time in the Uruguay jersey; Luis Suarez announced his retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.