ദോഹ: അഡിഡാസിന്റെ പുതിയ കുപ്പായത്തിൽ ലോകകപ്പ് യോഗ്യത പോരാട്ടത്തിന് ബൂട്ട് കെട്ടാനൊരുങ്ങി ഖത്തർ. വ്യാഴാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ യു.എ.ഇക്കെതിരായ മത്സരത്തിൽ പുതിയ ജഴ്സിയിലാവും ഖത്തർ കളത്തിലിറങ്ങുന്നത്. 16 വർഷത്തിനുശേഷമാണ് ലോകപ്രശസ്ത സ്പോർട്സ് കിറ്റ് നിർമാതാക്കളായ അഡിഡാസ് ഖത്തറിന്റെ ജഴ്സി സ്പോൺസർമാരായെത്തുന്നത്.
അമേരിക്കൻ ബ്രാൻഡായ നൈക്കിയുമായുള്ള കരാർ അവസാനിപ്പിച്ചാണ് അഡിഡാസിലേക്ക് കൂടുമാറുന്നത്. 2011ലാണ് നൈക്കി ഖത്തർ ദേശീയ ടീമിന്റെ ജഴ്സി സ്പോൺസർമാരായെത്തിയത്. 2022 ലോകകപ്പ് ഫുട്ബാളിലും, രണ്ടു തവണ ഏഷ്യൻ കപ്പ് കിരീടമണിഞ്ഞപ്പോഴും നൈക്കിയായിരുന്നു ജഴ്സി നിർമാതാക്കൾ.
ഭൂതകാലവും വർത്തമാനവും കൈകോർത്ത് പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയെന്ന് കുറിച്ചായിരുന്നു ഖത്തർ ഫുട്ബാൾ ഫെഡറേഷൻ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്ച പരിശീലനത്തിനിറങ്ങിയപ്പോൾ തന്നെ അഡിഡാസിന്റെ കിറ്റായിരുന്നു ഖത്തർ ഉപയോഗിച്ചത്. ലോകചാമ്പ്യന്മാരായ അർജന്റീന, ഇറ്റലി, ജപ്പാൻ, ബെൽജിയം, കൊളംബിയ, സ്പെയിൻ തുടങ്ങിയ വമ്പന്മാരാണ് നിലവിൽ അഡിഡാസിന്റെ കിറ്റണിയുന്നത്. നേരത്തേ 2003മുതൽ 2008 വരെയും അഡിഡാസ് ഖത്തറിന്റെ പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.