ഉംറാന് ലക്ഷ്യം 155കിലോമീറ്ററിനുമേൽ വേഗം

മുംബൈ: കഴിഞ്ഞ ദിവസം അതിവേഗ അഞ്ചു വിക്കറ്റുമായി ഐ.പി.എല്ലിൽ പുതിയ സെൻസേഷനായി മാറിയ ഉംറാൻ മാലികിന് 155 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയാൻ മോഹം. എതിരാളിയെ കുഴക്കുന്ന കൃത്യമായ പന്തുകൾ എറിയുന്നതിൽ തന്നെയാകും ഇനിയും ശ്രദ്ധയെങ്കിലും പുതിയ വേഗം കുറിക്കലും സജീവ പരിഗണനയിലുണ്ടെന്നാണ് പ്രഖ്യാപനം. 22കാരനായ ജമ്മു താരം ഗുജറാത്തിനെതിരായ കളിയിൽ 5/25 ഉമായി മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ഉംറാന്റെ പ്രകടന മികവിൽ ഹൈദരാബാദ് വിജയത്തോളമെത്തിയെങ്കിലും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും ചേർന്ന് അവസാന ഓവറിൽ നാലു സിക്സർ പറത്തിയാണ് ഗുജറാത്തിനെ വിജയപീഠത്തിലേറ്റിയത്.

''ചെറുമൈതാനമായതിനാൽ ബൗളിങ്ങിൽ വൈവിധ്യത്തിനാണ് ഞാൻ ശ്രമിച്ചത്. വിക്കറ്റ് ലക്ഷ്യം വെക്കാനും, കൃത്യമായ സ്ഥലത്തുതന്നെ ബൗൾ ചെയ്യണം. 155 കിലോമീറ്ററിനു മേൽ വേഗവും ആർജിക്കണം. ഒരു നാൾ അതു ഞാൻ നേടും''- മാലിക് പറയുന്നു. എട്ടു കളികളിൽ ഇതുവരെ 15 വിക്കറ്റ് സ്വന്തമാക്കിയ താരം സ്ഥിരമായി 150 കിലോമീറ്ററിലേറെ വേഗത്തിൽ എറിയുന്നുണ്ട്. കഴിഞ്ഞ കളിയിൽ ആദ്യം ശുഭ്മാൻ ഗില്ലിന്റെ കുറ്റി തെറിപ്പിച്ച ഉംറാൻ പേസും ബൗൺസും സമം ചേർത്ത് പറത്തിയ മറ്റൊരു പന്തിൽ ഹാർദിക് പാണ്ഡ്യയെയും പുറത്താക്കി. വൃദ്ധിമാൻ സാഹയെ മടക്കിയ യോർക്കറിൽ 153 കിലോമീറ്ററായിരുന്നു വേഗം. പിറകെ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഉംറാന്റെ തീപാറും പന്തുകൾ നേരിടാനാകാതെ ഡഗ് ഔട്ടിലെത്തി.

എല്ലാ ബാറ്റർമാരുടെ മനസ്സിലും തീ കോരിയിടുന്ന ഫാസ്റ്റ് ബൗളറാണ് ഉംറാനെന്ന് പറയുന്നു മുൻനിര താരങ്ങളായ ഡാനിയൽ വെട്ടോറിയും ക്രിസ് ലിന്നും. ദേശീയ ജഴ്സിയിലെത്തിയാൽ അദ്ഭുതങ്ങൾ തീർക്കാനാകൂമെന്നും അവർ പ്രഖ്യാപിക്കുന്നു. എല്ലാ പന്തും 145 കിലോമീറ്ററിലേറെ വേഗം പാലിക്കുന്ന താരം മിക്കപ്പോഴും 150 കടക്കുന്നു. അതേ വേഗത്തിൽ എറിയുമ്പോഴും ലൈനും ലെങ്തും കൃത്യമാക്കുന്നതിലും വിജയമാണ്. നേരത്തെ പവർേപ്ല ഓവറുകളിൽ ഉംറാൻ ഹൈദരാബാദിനായി എറിഞ്ഞിരുന്നുവെങ്കിലും പിശകുകൾ വരുത്തിയതോടെ മധ്യ ഓവറുകളിൽ സ്ഥിരമാക്കിയതോടെയാണ് കളിയുടെ ഗതി തന്നെ മാറ്റുന്ന താരമായി മാറിയത്. വേഗം കുറക്കാൻ ടീം ഇതുവരെ താരത്തോട് ആവശ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - The Umran target is over 155 km / h

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.