ക്രിസ്റ്റ്യാനോക്ക് ടീമില്‍ ഇടമില്ലെന്ന് പി.എസ്.ജി! ട്രാന്‍സ്ഫര്‍ നീക്കം പൊളിച്ചത് മെസ്സി?

യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ടീമുകളില്‍ ഇടം പിടിക്കാനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ചെല്‍സിക്ക് പിന്നാലെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ക്രിസ്റ്റ്യാനോയെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതായി ലെ പാരീസിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ഉറപ്പിച്ച ക്രിസ്റ്റ്യാനോ ലീഗ് വണ്‍ ചാമ്പ്യന്മാരായ പി.എസ്.ജിയിലേക്ക് ചേക്കേറാമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍, മെസ്സിയും എംബാപെയും നെയ്മറും കളിക്കുന്ന ടീമിൽ ഇനിയൊരു സൂപ്പര്‍ താരത്തെ ഉള്‍പ്പെടുത്താന്‍ പി.എസ്.ജിക്ക് സാധിക്കില്ല. ടീമില്‍ സ്ഥലമില്ലെന്നാണത്രേ, ക്രിസ്റ്റ്യാനോയുടെ ഏജന്റിനോട് പി.എസ്.ജി അധികൃതര്‍ അറിയിച്ചത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒരു വര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് ക്രിസ്റ്റ്യാനോ മുപ്പത്തേഴാം വയസ്സില്‍ പുതിയ ക്ലബ് അന്വേഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോററായിരുന്നു ക്രിസ്റ്റ്യാനോ. അടുത്ത സീസണിലും ഗോളടിച്ചുകൂട്ടിയാല്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് പരമാവധി ലഭിക്കുക പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടാണ്. ബാലണ്‍ദ്യോര്‍, ഫിഫ ബെസ്റ്റ് അവാര്‍ഡുകള്‍ ഒരിക്കല്‍ കൂടി ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാതെ രക്ഷയില്ല.

പി.എസ്.ജിയാകട്ടെ, പുതിയ കോച്ച് ക്രിസ്റ്റഫ് ഗാല്‍ടിയറിന് കീഴില്‍ യൂറോപ്പ് കീഴടക്കാന്‍ പോന്ന നിരയെ ഒരുക്കുകയാണ്. ബ്രസീല്‍ താരം നെയ്മറിനെ ഒഴിവാക്കുമെന്ന സൂചനകളുമുണ്ട്. ക്രിസ്റ്റ്യാനോയെ ടീമിലെടുക്കുകയാണെങ്കില്‍ പി.എസ്.ജി വിടുമെന്ന സൂചന മെസ്സി നല്‍കിയതും വാര്‍ത്തയായിരുന്നു. എംബാപെക്ക് കൂടുതല്‍ പ്രാധാന്യമുള്ള ടീമില്‍ പ്ലേമേക്കര്‍ റോളിലാണ് മെസ്സി കളിക്കുന്നത്. ഗോള്‍ സ്‌കോറിങ്ങിനേക്കാള്‍ മെസ്സിയില്‍നിന്ന് പി.എസ്.ജി ലക്ഷ്യമിടന്നത് മികച്ച അസിസ്റ്റുകളാണ്. അതിനിടെയാണ് ക്രിസ്റ്റ്യാനോ ടീമിലേക്ക് വരാൻ ശ്രമം നടത്തിയത്.

Tags:    
News Summary - There is no place for Cristiano in PSG! Messi broke the transfer move?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.