മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഒമാൻ മൂന്നാം റൗണ്ടിൽ. തായ്പേയി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഒമാൻ തകർത്തത്.
രണ്ടാം റൗണ്ടിലെ ഒരു മത്സരം ശേഷിക്കെയാണ് മൂന്നാം റൗണ്ട് സുൽത്താനേറ്റ് ഉറപ്പിച്ചത്. അഞ്ച് കളിയിൽനിന്ന് നാല് ജയവുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് റെഡ് വാരിയേഴ്സ്. ഇത്രയും കളിയിൽനിന്ന് മൂന്ന് ജയവുമായി കിർഗിസ്താൻ രണ്ടാമതും. ഗ്രൂപ്പിലെ അവസാന മത്സരം ജൂൺ 11ന് മസ്കത്തിൽ നടക്കും. കിർഗിസ്താനാണ് എതിരാളി. അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി (31, 55), ജമീൽ അൽ യഹ്മാദി (74 ) എന്നിവരാണ് ഒമാനുവേണ്ടി വലകുലുക്കിയത്.
തുടക്കം മുതൽ അവസാനംവരെ ഒമാന്‍റെ ആധിപത്യമായിരുന്നു മത്സരത്തിൽ. കളംനിറഞ്ഞ് കളിച്ച ജറോസ്ലാവ് സിൽഹാവിയുടെ കുട്ടികൾ ആദ്യമിനിറ്റുകളിൽതന്നെ ചൈനീസ് തായ്പേയിയുടെ ഗോൾമുഖം വിറപ്പിച്ചു. പല ഷോട്ടുകളും നിർഭാഗ്യംകൊണ്ട് മാത്രം ഗോളാകാതെ പോകുകയായിരുന്നു. ഒടുവിൽ കോർണറിൽനിന്ന് ലഭിച്ച പന്ത് വളരെ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് മുഷൈഫ്രി ഒമാനെ മുന്നിലെത്തിച്ചു. കൂടുതൽ സ്കോർ ചെയ്യാൻ ഒമാനും സമനിലക്കായി ചൈനീസ് തായ്പേയിയും പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള വർധിത വീര്യവുമായാണ് ചൈനീസ് തായ്പേയി ഇറങ്ങിയത്. ഇടക്ക് ഒറ്റപ്പെട്ട മുന്നേറ്റം നടത്തിയെങ്കിലും റെഡ്വരിയേഴ്സിന്‍റെ പ്രതിരോധത്തിൽ തട്ടി അകന്നുപോയി. ഒമാൻ ഇടത് വലത് വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കിയതോടെ ചൈനീസ് തായ്പേയിയുടെ പ്രതിരോധം ആടിയുലഞ്ഞു. ഇതിനിടക്ക് മധ്യനിരയിൽനിന്ന് നീട്ടികിട്ടിയ പന്തുമായി മുന്നേറിയ അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി രണ്ടാം ഗോളും സമ്മാനിച്ചു.
കൂടുതൽ ഗോൾനേടാനുള്ള ഒമാന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു മൂന്നാം ഗോൾ. ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ജമീൽ അൽ യഹ്മാദിയാണ് മൂന്നാം ഗോൾ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.