മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാന് വിജയം. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഫലസ്തീനെ എകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് റെഡ് വാരിയേഴ്സ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയത്. മത്സരം സമനിലയിലേക്ക് നിങ്ങികൊണ്ടിരിക്കെ 83ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസ്സാനിയാണ് സുൽത്താനേറ്റിനുവേണ്ടി വിജയ ഗോൾ നേടിയത്.
അടുത്ത റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാമെന്ന പ്രതീക്ഷ ഒമാൻ നിലനിർത്തി. ആദ്യ പകുതിയിൽ ഗോളൊന്നും അടിക്കാതെ ഇരു ടീമുകളും പിരിയുകയായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഒമാനെ പ്രതിരോധക്കോട്ട കെട്ടി വരിഞ്ഞ്മുറുക്കുകയായിരുന്നു ഫലസ്തിൻ. കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയത്. റെഡ്‍വാരിയേഴ്സിന്റെ പല മുന്നേറ്റങ്ങളും ഫലസ്തീൻ പ്രതിരോധത്തിൽ തട്ടി അകന്നുപോയി. ഇതിനിടക്ക് ചില കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാനെ വിറപ്പിക്കാനും എതിരാളികൾക്കായി.
ആദ്യ പകുതിയിൽ ഏറെ സമയം പന്ത് ഒമാൻ കൈവശം വെച്ചെങ്കിലും രണ്ട് ഷോട്ട് മാത്രമാണ് ഉതിർത്തത്. ഫലസ്തീനാകട്ടെ ഏഴുതവണ ഗോളിലേക്ക് ഷോട്ടുകൾ പായിച്ചു. മധ്യനിരയിലൂടെ ഒമാൻ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾമാത്രം നേടാനായില്ല. രണ്ടാം പകുതിയിൽ ജീവൻ മരണപോരാട്ടത്തിനായിരുന്നു ഇരു ടീമുകളും ഇറങ്ങിയത്. ഇതിന്റെ വീറും വാശിയും കളത്തിൽ കാണാമായിരുന്നു. കളി അവസാന മിനിറ്റുകളിലേക്ക് നിങ്ങവേ മുഹ്സിൻ അൽ ഗസ്സാനിയിലുടെ ഒമാൻ വിജയം തട്ടിയെടുത്തു.
ഗ്രൂപ്പ് ബിയിൽ അഞ്ച് കളിയിൽനിന്ന് 13 പോയന്റുമായി ദക്ഷിണകൊറിയ ഏറെക്കുറെ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എട്ടുപോയന്റ് വീതമുള്ള ജോർഡനും ഇറാഖുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആറു പോയന്റുമായി ഒമാൻ മൂന്നാം സ്ഥാനത്താണ്. നാലും അഞ്ചും സ്ഥാനത്ത് കുവൈത്തും ഫലസ്തീനുമാണ്. ഒമാന്റെ അടുത്ത മത്സരം നവംബർ 19ന് മസ്കത്തിൽ ഇറാഖിനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.