ദോഹ: ഫോർമുല വൺ കാറോട്ടത്തിനൊപ്പം കൈകോർത്ത് ഖത്തറിന്റെ ആകാശക്കരുത്തായ ഖത്തർ എയർവേസും. എമിറേറ്റ്സ് പടിയിറങ്ങിയതിനു പിന്നാലെ ലോകത്തിലെ മികച്ച എയർലൈനായ ഖത്തർ എയർവേസ്, ഫോർമുല വണ്ണിന്റെ (എഫ് വൺ) ഔദ്യോഗിക എയർലൈനും ആഗോളപങ്കാളിയുമാകുന്നു. മൾട്ടി ഇയർ കരാറിൽ 2027 വരെയുള്ള സീസണിൽ ഉടനീളമായിരിക്കും പങ്കാളിത്തം.
2021ൽ ഖത്തർ ഗ്രാൻഡ്പ്രിക്സ് സംഘടിപ്പിക്കുകയും 2023നുശേഷം ഖത്തർ എഫ് വണ്ണുമായി ദീർഘകാല കരാർ ഒപ്പുവെക്കുകയും ചെയ്തതോടെ ഖത്തർ എയർവേസിനെ ഔദ്യോഗിക പങ്കാളിയാക്കുന്നത് എഫ് വണ്ണിന് എളുപ്പമായി. ഇറ്റലിയിലെ എമിലിയ റൊമാഗ്ന, ഹംഗറി, ഖത്തർ എന്നിവിടങ്ങളിലെ മത്സരങ്ങൾ കമ്പനി സ്പോൺസർ ചെയ്യും. ട്രാക് സൈഡ് ഡിജിറ്റൽ ബ്രാൻഡിങ്, ഗ്രാൻഡ് പ്രിക്സ് യാത്രാ പാക്കേജുകൾ എന്നിവക്കും കരാർ വഴിയൊരുക്കും. ഇന്ധന ഉപയോഗത്തിന്റെ കാര്യത്തിലും സുസ്ഥിരതയിലും പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാനും പദ്ധതിയുണ്ട്.
ദോഹയിൽ ആകർഷകമായ പരിപാടിയിലായിരുന്നു ഖത്തർ എയർവേസിന്റെ കായികപങ്കാളിത്ത മേഖലയുടെ വിപുലീകരണത്തിന്റെ പ്രഖ്യാപനം. പങ്കാളിത്ത പ്രഖ്യാപനത്തോടനുബന്ധിച്ച്, ഈ വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന എല്ലാ മോട്ടോർ സ്പോർട്സ് ടൂർണമെന്റുകളെക്കുറിച്ചും അവബോധം വളർത്തുന്നതിന് പൊതുജനങ്ങൾക്കായി ഖത്തർ എയർവേസ് ദോഹയിലെ ഐക്കണിക് ലുസൈൽ ബൊളെവാഡിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
ഖത്തരി റാലി ചാമ്പ്യനായ നാസർ അൽ അതിയ്യ, ഫോർമുല വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമിനികാലി, മുൻ റെഡ്ബുൾ ഫോർമുല വൺ ഡ്രൈവർ ഡേവിഡ് കൗത്താൾഡ്, കെ.ടി.എം മോട്ടോ ജി.പി ഡ്രൈവർ ഡാനി പെഡ്രോസ തുടങ്ങിയവർ പങ്കെടുത്തു. ആഗോള പങ്കാളിത്തത്തിനു പുറമേ ഈ വർഷം നടക്കുന്ന മൂന്നു ഗ്രാൻഡ് പ്രിക്സിന്റെ ടൈറ്റിൽ സ്പോൺസറുമായിരിക്കും ഖത്തർ എയർവേസ്. 21 രാജ്യങ്ങളിലായി 23 ഗ്രാൻഡ്പ്രീ മത്സരങ്ങളോടെയാണ് ഇത്തവണ സീസൺ. മാർച്ച് അഞ്ചിന് ബഹ്റൈൻ ഗ്രാൻഡ്പ്രീയോടെ തുടക്കംകുറിക്കും. ഒക്ടോബർ എട്ടിനാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടാണ് വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.