നടക്കാതെ പോകുമായിരുന്ന എത്രയെത്ര ടൂർണമെന്‍റുകൾക്കാണ് യു.എ.ഇ വേദിയൊരുക്കുന്നത്. ഐ.പി.എൽ, ട്വന്‍റി ലോകകപ്പ്, ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ്, ഏഷ്യ കപ്പ് ക്രിക്കറ്റ്... അങ്ങിനെ നീളുന്നു പട്ടിക. എന്തുകൊണ്ടായിരിക്കാം ഇവരെല്ലാം യു.എ.ഇയെ ആശ്രയിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്, സ്പോർട്സിന്‍റെ ആഗോള ഹബായി യു.എ.ഇ മാറിക്കഴിഞ്ഞിരിക്കുന്നു. നിരവധി അന്താരാഷ്ട്ര ടീമുകളാണ് ഈ വർഷം ദുബൈയിൽ പരിശീലനത്തിന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദുബൈയുടെ കായികലോകത്ത് വൻകുതിപ്പിനിടയാക്കിയതിൽ എക്സ്പോ 2020 മഹാമേളക്കും ചെറുതല്ലാത്ത പങ്കുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കായിക വിദഗ്ധരും ലോകോത്തര താരങ്ങളും ഇവിടെ എത്തുകയും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

എക്സ്പോ കാലയളവിൽ 30 അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കാണ് ദുബൈ വേദിയൊരുക്കിയത്. ട്വന്‍റി-20 ലോകകപ്പിന് പുറമെ റഗ്ബി ലോകകപ്പ് യോഗ്യത മത്സരം, ക്ലബ്ബ് ലോകകപ്പ്, യൂറോപ്യൻ ടൂർ റേസ്, ഡി.പി. വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ് തുടങ്ങിയവയെല്ലാം നടന്നു. ഉസൈൻ ബോൾട്ട്, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ലോക നമ്പർ വൺ താരങ്ങളെല്ലാം ഇവിടെയെത്തി. ഒമേഗ ദുബൈ ഡസർട്ട് ക്ലാസിക്, ദുബൈ മാരത്തൺ, ദുബൈ സൈക്ലിങ് ടൂർ, ഡ്യൂട്ടി ഫ്രി ടെന്നിസ് ചാമ്പ്യൻഷിപ്പ്, ദുബൈ വേൾഡ് കപ്പ്, ഡി.പി വേൾഡ് ടൂർ, റഗ്ബി സെവൻസ് എന്നിങ്ങനെ ദുബൈ സംഘടിപ്പിക്കുന്ന നിരവധി കായികമാമാങ്കങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.

ലോകകപ്പ് സമയത്ത് ലിവർപൂൾ ടീമിന്‍റെ പരിശീലനയിടമായി തെരഞ്ഞെടുത്തിരിക്കുന്നത് ഇവിടമാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി അടക്കമുള്ള ടീമുകൾ നേരത്തെ മുതൽ യു.എ.ഇയുടെ ഭാഗമാണ്. പത്ത് ദിവസത്തെ പരിശീലനത്തിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീം രണ്ടാഴ്ച കഴിഞ്ഞും ദുബൈയിൽ പരിശീലനത്തിലാണ്. മലയാളി ഒളിമ്പ്യൻ സജൻ പ്രകാശ് അടക്കമുള്ളവർ നീന്തിപ്പഠിക്കുന്നതും ദുബൈയിലെ നീന്തൽകുളങ്ങളിലാണ്. റഗ്ബി, ബോക്സിങ്, ജിയോജിത്സു, റേസിങ്, സൈക്ലിങ് തുടങ്ങിയ ഇനങ്ങൾക്കെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യമാണ് ഈ നഗരവും രാജ്യവും ഒരുക്കുന്നത്. ഓരോ വാർഷത്തെയും കായിക ഷെഡ്യൂളുകൾ തയാറാക്കുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത രാജ്യമായി യു.എ.ഇ മാറിയിരിക്കുന്നു. 

Tags:    
News Summary - Global hub for sports events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.