കോട്ടക്കൽ: ദേശീയ കായിക ഇനമായ ഹോക്കിക്ക് പ്രചോദനമായി രാജ്യം നടന്നുകാണാൻ ഇറങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളായ യുവാക്കൾ. 'മലപ്പുറം ടു കന്യാകുമാരി ടു ലഡാക്' പേരിൽ പാലക്കാട് മുണ്ടൂർ വേലിക്കാട് സ്വദേശി അമ്പലപ്പറമ്പ് അരുൺ ശിവദാസൻ (33), കൊണ്ടോട്ടി പുളിക്കൽ ചേവായൂർ സ്വദേശി താഴത്തേരി മുഹമ്മദ് ദിൽഷാദ് (22) എന്നിവരാണ് അപൂർവ യാത്രക്കായി തിരിച്ചത്. സഞ്ചാരികളായ അരുണും ദിൽഷാദും ഗോവയിൽ ഒരു യാത്രയിലാണ് ആദ്യം കണ്ടുമുട്ടുന്നത്. തുടർന്ന് സൗഹൃദത്തിലായി.
2020ൽ ആരംഭിച്ച സൗഹൃദത്തിൽനിന്നാണ് പുതിയ ആശയം ഉരുത്തിരിയുന്നത്. മലപ്പുറം-കന്യാകുമാരി-ലഡാക്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരുടെ ആശീർവാദത്തോടെ യാത്രയാരംഭിച്ചു. ആദ്യദിനം കോട്ടക്കലിലാണ് അവസാനിച്ചത്. ഇതിനിടയിൽ ബ്ലഡ് ബാങ്ക് കേരള അംഗമായ ദിൽഷാദിനൊപ്പം അരുണും രക്തം ദാനം ചെയ്തു. അരുൺ നേരത്തേ കന്യാകുമാരി ടു കശ്മീർ സൈക്കിളിൽ യാത്ര ചെയ്ത വ്യക്തിയാണ്. 2004ൽ ട്രെയിൻ മാർഗം കശ്മീർ സന്ദർശിച്ചിരുന്നു. പഞ്ചാബ്, വാഗ അതിർത്തി, പുണെ എന്നിവിടങ്ങളിലേക്കും ദിൽഷാദ് യാത്ര ചെയ്തിരുന്നു.
സ്കൂളുകളിൽ ഹോക്കി ടീം രൂപവത്കരിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. കോട്ടക്കലിൽ ബി.ഡി.കെ ഭാരവാഹികളായ യൂസഫലി പുതുപ്പറമ്പ്, പി.കെ. ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവർക്കും യാത്രയയപ്പ് നൽകി. രക്തദാനത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടു വരെ കോട്ടക്കൽ രാജാസ് സ്കൂൾ മൈതാനത്തായിരുന്നു വിശ്രമം. അരുൺ പെയിന്റ് ഡിസ്ട്രിബ്യൂട്ടറും ദിൽഷാദ് പാക്കിങ് മെറ്റീരിയൽസ് സെയിൽസ്മാനുമാണ്. അഞ്ച് മാസംകൊണ്ട് 4000 കിലോമീറ്റർ താണ്ടി 12 സംസ്ഥാനങ്ങളിലൂടെയാണ് ഇരുവരുടെയും സാഹസിക യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.