കൊച്ചി: ആവേശകരമായ ഏജ്സ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന്റെ 2024 പതിപ്പില്‍ മലയാളി താരങ്ങള്‍ക്ക് കിരീടം. എറണാകുളം മറൈന്‍ഡ്രൈവില്‍നിന്ന് തുടങ്ങി ഇതേ വേദിയില്‍ അവസാനിച്ച ഫുള്‍ മാരത്തണിന്റെ പുരുഷ വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി സിബി ബെന്‍സണും വനിതാവിഭാഗത്തില്‍ റീന മനോഹറും വിജയികളായി. കഴിഞ്ഞ രണ്ട് എഡിഷനിലും രണ്ടാം സ്ഥാനത്തെത്തിയ ബെന്‍സണ്‍ ഇത്തവണ മൂന്നുമണിക്കൂര്‍ 42 സെക്കൻഡ് സമയത്തിലാണ് 42.2 കിലോമീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്ത് ഒന്നാമനായത്. ചെറായി സ്വദേശി ജസ്റ്റിന് (03:06:56) ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ശ്രീനിധി ശ്രീകുമാര്‍ (03:08:49) ആണ് മൂന്നാമതെത്തിയത്.
42.2 കി.മീ ദൂരം 04:50:06 സമയത്തില്‍ പിന്നിട്ടാണ് വനിതാ വിഭാഗത്തില്‍ റീന മനോഹര്‍ ജേതാവായത്. മേരി ജോഷി (04:53:59), നിലീന ബാബു (04:54:32) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ഹാഫ് മാരത്തണില്‍ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി കെ.എം. സജിത് (1:21:23) ജേതാവായി. സ്പൈസ് കോസ്റ്റ് മാരത്തണില്‍ സജിത്തിന്റെ ഹാട്രിക് വിജയമാണിത്. ഈ വിഭാഗത്തില്‍ കൊല്ലം സ്വദേശി അതുല്‍രാജ് രണ്ടാംസ്ഥാനവും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വി.ആര്. വിഷ്ണു മൂന്നാംസ്ഥാനവും നേടി. വനിതകളില്‍ എ.കെ. രമ, ജസീന ഖനി, ബിസ്മി അഗസ്റ്റിന് എന്നിവര്‍ വിജയികളായി. അഞ്ചു കി.മീ ഫണ്‍ റണ്‍ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
സോള്‍സ് ഓഫ് കൊച്ചി സംഘടിപ്പിച്ച മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം പേര് പങ്കെടുത്തു. പുലര്‍ച്ചെ 3.30ന് മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഇതിഹാസവും ഏജ്സ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ സചിന് ടെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും സചിന് ടെണ്ടുല്‍ക്കര്‍ നിര്‍വഹിച്ചു.
മന്ത്രി പി.രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ, ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ഏജ്സ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് എം.ഡിയും സി.ഇ.ഒയുമായ ജൂഡ് ഗോമസ് എന്നിവർ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.