ജീൻസ് ധരിച്ചെത്തി, മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കാൾസൺ വഴങ്ങിയില്ല; ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽനിന്ന് അയോഗ്യനാക്കി

വാഷിങ്ടൺ: ജീൻസ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽനിന്ന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസണെ അയോഗ്യനാക്കി. മത്സരത്തിൽ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്.

കാൾസണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, ഉടൻ വസ്ത്രം മാറി വരണമെന്ന് താരത്തോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നോർവീജിയൻ താരത്തെ ടൂർണമെന്‍റിൽനിന്ന് അയോഗ്യനാക്കിയത്. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്‍റെ വാദം ഫിഡെ അംഗീകരിച്ചില്ല. ക്ഷുഭിതനായി വസ്ത്രം മാറില്ലെന്ന് താരം അറിയിച്ചതോടെയാണ് അച്ചടക്ക നടപടിയെടുത്തത്.

‘ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലെ പെരുമാറ്റ ചട്ടങ്ങൾ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. മാഗ്നസ് കാൾസൺ ജീൻസ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളർ പിഴ ചുമത്തുകയും വസ്ത്രം മാറാൻ അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, താരം വഴങ്ങിയില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്’ -ഫിഡെ പത്രക്കുറിപ്പിൽ അറിയിച്ചു. വിവേകശൂന്യം എന്നാണ് കാൾസൺ ഫിഡെ നടപടിയോട് പ്രതികരിച്ചത്.

യു.എസിലെ ന്യൂയോർക്കിൽ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അർജുൻ എരിഗെയ്സി, റോനക് സദ്‍വാനി എന്നിവർ നാലു ജയവും ഒരു തോൽവിയുമായി അഞ്ചാം സ്ഥാനത്തെത്തി. നാലു ജയവും ഒരു സമനിലയുമായി 4.5 പോയന്റുള്ള റഷ്യയുടെ മുർസിൻ വോളോദർ, അർമീനിയ താരം ഷാൻറ് സർഗ്സ്യാൻ, അമേരിക്കൻ താരങ്ങളായ ഡാനിയൽ നരോഡിറ്റ്സ്കി, ലെനിയർ ഡൊമിൻഗസ് പെരസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. നാലു പോയന്റുമായി അർജുനൊപ്പം പ്രമുഖരായ ഹികാരു നകാമുറ, നദീർബെക് അബ്ദുസ്സത്താറോവ്, അനിഷ് ഗിരി തുടങ്ങി 10 പേർ കൂടിയുണ്ട്.

വനിതകളിൽ നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലും ജയിച്ച് അമേരിക്കൻ താരം ആലീസ് ലീ ഒറ്റക്ക് ലീഡ് പിടിച്ചു. ഇന്ത്യൻ താരം ഡി. ഹരിക മൂന്ന് ജയവുമായി ഒരു സമനിലയുമായി തൊട്ടുപിറകിലുണ്ട്. നിലവിലെ ലോക ചാമ്പ്യൻ വെൻജുൻ ജു, സോൻഗി ടാൻ, ഗുനയ് മുഹമ്മദസാദ, നിനോ ബറ്റ്സിയഷ്വിലി എന്നിവരും 3.5 പോയന്റ് നേടി.

Tags:    
News Summary - Magnus Carlsen kicked out of World Rapid and Blitz Championship for wearing jeans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.