മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി വൈകാതെ ആശുപത്രി വിട്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് കാംബ്ലിയെ വിട്ടയക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ താരത്തിന് പൂര്‍ണമായും ഓര്‍മ വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. തുടര്‍ ചികിത്സയിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കാനായാലും 80 മുതല്‍ 90 ശതമാനം വരെ മാത്രമേ ഓര്‍മ വീണ്ടെടുക്കാനൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നേരത്തെ ഇതിഹാസ താരം സചിന്‍ തെന്‍ഡുല്‍ക്കറോട് കാംബ്ലി ആശുപത്രി കിടക്കയില്‍വച്ച് നന്ദി പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ''എനിക്ക് ഇപ്പോള്‍ വലിയ ആശ്വാസം തോന്നുന്നുണ്ട്. ഞാന്‍ ക്രിക്കറ്റ് ഒരിക്കലും വിടില്ല, ഞാന്‍ അടിച്ച സെഞ്ച്വറികളും ഡബിള്‍ സെഞ്ചറികളും എപ്പോഴും ഓര്‍ത്തിരിക്കും. എന്റെ കുടുംബത്തില്‍ മൂന്ന് ഇടംകൈയന്‍മാരാണുള്ളത്. സചിന്‍ തെന്‍ഡുല്‍ക്കറോട് ഞാന്‍ നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ട്'' -കാംബ്ലി പറഞ്ഞു. 'വീ ആര്‍ ദ് ചാമ്പ്യന്‍സ്' എന്നു തുടങ്ങുന്ന ഗാനവും കാംബ്ലി പാടുന്നുണ്ട്.
കാംബ്ലിയും സചിന്‍ തെന്‍ഡുല്‍ക്കറും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാര്‍ വീണ്ടും കണ്ടുമുട്ടിയത്. അന്ന് വിഡിയോയിലും 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. കഴിഞ്ഞമാസവും താരത്തെ മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2013ല്‍ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കാംബ്ലിക്ക് അന്ന് സചിനാണ് ചികിത്സക്കുള്ള സഹായം നല്‍കിയത്.
ഏതാനും വര്‍ഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും താരം മാനസികമായി ദുര്‍ബലനാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ സചിനൊപ്പം കണ്ടതിന്റെ നിരാശയും സങ്കടവും ആരാധകര്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുന്‍ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നല്‍കി രംഗത്തുവന്നു.
ഒരുമിച്ച് കളി തുടങ്ങിയിട്ടും സചിന്‍ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നപ്പോള്‍, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് ഓര്‍മയിലേക്ക് പതിക്കുകയായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികള്‍ നേടിയ താരത്തെ, ഒരുവേള സചിനേക്കാള്‍ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.