അര്‍ധ സെഞ്ച്വറിയുമായി നിതീഷ് കുമാറിന്റെ രക്ഷാപ്രവര്‍ത്തനം; ഫോളോഓണ്‍ ഒഴിവാക്കി ഇന്ത്യ

മെല്‍ബണ്‍: ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വീണ്ടും ടീം ഇന്ത്യക്ക് രക്ഷകനാകുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട നിതീഷിന്റെ കരുത്തില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കി. യശ്വസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ ഇന്നിങ്‌സില്‍, വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദര്‍ നിതീഷിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. 91 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന് 299 എന്ന നിലയിലാണ് ഇന്ത്യ. 67 റണ്‍സുമായി നിതീഷ് കുമാറും 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

അഞ്ചിന് 164 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് (28), രവീന്ദ്ര ജദേജ (17) എന്നിവരാണ് ശനിയാഴ്ച പുറത്തായത്. പന്തിനെ സ്‌കോട്ട് ബോളന്‍ഡും ജദേജയെ നേഥന്‍ ലിയോണുമാണ് കൂടാരം കയറ്റിയത്. ഫോളോഓണ്‍ ഒഴിവാക്കിയെങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയസാധ്യത ഇനിയും ഏറെ അകലെയാണ്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സാണ് അടിച്ചെടുത്തത്. വലിയ ലീഡ് വഴങ്ങേണ്ടിവന്നാല്‍ വിജയലക്ഷ്യവും ഉയരുമെന്നത് ഇന്ത്യക്ക് മുന്നിലെ വെല്ലുവിളിയാണ്.

കഴിഞ്ഞ ദിവസം അര്‍ധ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ (82) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും താരം റണ്ണൗട്ടായത് നിരാശയായി. രോഹിത് ശര്‍മ (മൂന്ന്), കെ.എല്‍. രാഹുല്‍ (24), വിരാട് കോഹ്ലി (36) ആകാശ് ദീപ് (പൂജ്യം) എന്നിവരുടെ വിക്കറ്റും രണ്ടാംദിനം ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടി ബാറ്റിങ്ങിയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് 474 റണ്‍സ് അടിച്ചെടുത്തത്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബൂഷെയ്ന്‍ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജദേജ മൂന്നും വിക്കറ്റുകള്‍ നേടി.

Tags:    
News Summary - Nitish Kumar Reddy Fifty help India to skip Follow On vs Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.