36ാമത് ദേശീയ ഗെയിംസിലെ ഗ്ലാമർ ഇനമായ അത് ലറ്റിക് മത്സരങ്ങളിൽ മെഡൽ തേടി വെള്ളിയാഴ്ച ട്രാക്കിലും ഫീൽഡിലും താരങ്ങളിറങ്ങും. ദേശീയ, അന്തർദേശീയ അത് ലറ്റുകളുടെ കായികക്കരുത്ത് പ്രകടമാവുന്ന അഞ്ചുനാൾ കേരളവും തികഞ്ഞ പ്രതീക്ഷയിലാണ്.
താരബലം കുറവാണെങ്കിലും പത്തു മുതല്‍ പതിനഞ്ച് മെഡലുകള്‍വരെ ഉറപ്പായും നേടാനാവുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്. ഗാന്ധിനഗർ ഐ.ഐ.ടി സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങൾ.
49 പേരാണ് കേരളത്തിന്റെ അത് ലറ്റിക് ടീം ലിസ്റ്റിലുള്ളത്. ഇവരിൽ ഒളിമ്പ്യൻ ജിസ്ന മാത്യു (400 മീ.), പി.യു ചിത്ര (1500 മീ.), അനു രാഘവൻ (400 മീ. ഹർഡ്ൽസ്) തുടങ്ങി അഞ്ചോളം പേർ പങ്കെടുക്കുന്നില്ല. പല കാരണങ്ങളാല്‍ തങ്ങളുടെ എല്ലാ മുന്‍നിര താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അത്‌ലറ്റിക്‌സ് ചീഫ് കോച്ച് സി. വിനയചന്ദ്രന്‍ പറഞ്ഞു.
എങ്കിലും ട്രാക്കിലും ഫീല്‍ഡിലും തിളങ്ങാന്‍ ആവശ്യമായ താരശക്തി ടീമിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് എം. ശ്രീശങ്കര്‍, നയന ജെയിംസ്, ആന്‍സി സോജന്‍ (ലോങ്ജംപ്), എ.ബി അരുണ്‍, സാന്ദ്ര ബാബു (ട്രിപ്ൾ ജംപ്), എയ്ഞ്ചല്‍ പി. ദേവസ്യ (ഹൈജംപ്), മറീന ജോര്‍ജ് (ഹെപ്റ്റാത്തലണ്‍), ആർ. ആരതി (400), 4x100, 4x400 റിലേയിലെ വനിത ടീമുകള്‍, പുരുഷന്മാരുടെ 4x100 റിലേ ടീം തുടങ്ങിയവരാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ. സ്പ്രിന്റര്‍ പി.ഡി അഞ്ജലി, 800 മീറ്റര്‍ താരം സ്‌റ്റെഫി സാറാ കോശി എന്നിവരുമുണ്ട്.
അത് ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനം ഒമ്പത് ഫൈനലുകൾ നടക്കും. ആൺ, പെൺ 20 കി.മീ. നടത്തത്തിലും ഹാമർത്രോയിലും വനിത ഷോട്ട്പുട്ടിലും കേരളമില്ല. പുരുഷ ട്രിപ്ൾ ജംപിൽ സി.ഡി അനിൽകുമാർ, എ.വി അരുൺ, 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ, വനിത ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യ, ആതിര സോമരാജ് എന്നിവയിൽ ഇന്നിറങ്ങും.
ആദ്യ ദിനം 1500 മീറ്ററിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്യാന്തര താരം പി.യു. ചിത്രയുടെ അഭാവം കേരളത്തിന് തിരിച്ചടിയാണ്. സർവിസസിന്റെ മലയാളി താരവും കോമൺ വെൽത്ത് ഗെയിംസ് ട്രിപ്ൾ ജേതാവുമായ എൽദോസ് പോളും മത്സരിക്കുന്നില്ല.
അത്‍ലറ്റിക്സിനു പുറമെ ഭാരോദ്വഹനം, ഗുസ്തി, ഷൂട്ടിങ്, അമ്പെയ്ത്ത്, ഫെൻസിങ്, ജിംനാസ്റ്റിക്സ്, ഖോഖോ, റോളർ സ്പോർട്സ്, തുഴച്ചിൽ തുടങ്ങിയ ഇനങ്ങളും ഇന്ന് തുടങ്ങും. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ മീരാഭായി ചാനു ഭാരോദ്വഹനത്തിലും വിജയ്കുമാർ ഷൂട്ടിങ്ങിലും മത്സരിക്കുന്നുണ്ട്. ഷൂട്ടിങ്ങിലെ മൂന്നു സ്വർണനേട്ടക്കാരെ ആദ്യ ദിനം അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.