ദേശീയ ഗെയിംസ് അത്ലറ്റിക് ട്രാക്കിൽ നിന്ന് കൂടുതൽ മെഡലുകൾ നേടി കേരളം. 4x100 മീറ്റർ റിലേ വനിതകളിൽ സ്വർണവും പുരുഷന്മാരിൽ വെള്ളിയും സ്വന്തമാക്കിയ മലയാളിപ്പടക്ക് പുരുഷ ലോങ് ജംപിൽ വെള്ളിയും വെങ്കലവും ലഭിച്ചു. കോമൺവെൽത്ത് ഗെയിംസിലെ ഉജ്വലപ്രകടനത്തിന്റെ ആത്മവിശ്വാസവുമായെത്തിയ എം. ശ്രീശങ്കറിന് ഇടക്ക് പരിക്കേറ്റതോടെ വെള്ളിയിലൊതുങ്ങി.
ലോങ് ജംപിൽ മുഹമ്മദ് അനീസാണ് വെങ്കലം നേടിയത്. വനിത ഫെൻസിങ് ഫോയിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ രാധിക പ്രകാശ് അവന്തിയും പുരുഷ ഭാരോദ്വഹനം 73 കിലോ വിഭാഗത്തിൽ ബി. ദേവപ്രീതൻ വെങ്കലവും കരസ്ഥമാക്കി. ഇതുവരെ നാല് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. പുരുഷ 400 മീ. സർവിസസിന്റെ മലയാളി താരം മുഹമ്മദ് അജ്മലിനും സ്വർണം ലഭിച്ചു.
വനിത, പുരുഷ 4x100 മീ. റിലേകളിലെ സ്വർണവും വെള്ളിയുമാണ് രണ്ടാം ദിനം ട്രാക്കിൽ കേരളത്തിന്റെ സമ്പാദ്യം. 45.52 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വി.എസ് ഭവിക, പി.ഡി അഞ്ജലി, എ.പി ഷിൽബി, എ.പി ഷിൽഡ എന്നിവരടങ്ങിയ സംഘം വനിത റിലേയിൽ സ്വർണം നേടിയത്. തമിഴ്നാട് വെള്ളിയും മധ്യപ്രദേശ് വെങ്കലവും സ്വന്തമാക്കി.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് ഭവിക. അഞ്ജലി തൃശൂർ തൃപ്രയാറുകാരിയും. ഷിൽബിയും ഷിൽഡയും സഹോദരിമാരാണ്. ആലപ്പുഴ മുഹമ്മയാണ് ഇവരുടെ നാട്.പുരുഷ 4x100 മീ. റിലേയിൽ തമിഴ്നാടിനാണ് സ്വർണം. വെള്ളി നേടിയ കേരള സംഘത്തിൽ കെ.എസ് പ്രണവ്, കെ.പി അശ്വിൻ, എം. ഹിഷാം, ടി. മിഥുൻ എന്നിവരാണുണ്ടായിരുന്നത്.
പരിക്കിൽ ശ്രീശങ്കറിന് വെള്ളി
ലോങ് ജംപിൽ ആദ്യ ചാട്ടം തന്നെ 7.93 മീറ്ററിലെത്തിയ ശ്രീശങ്കറിന് രണ്ടാമത്തെതിൽ പരിക്കേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി കേരള താരം. തമിഴ്നാട്ടുകാരൻ ജെസ്വിൻ ആൽഡ്രിൻ 8.26 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി.
അങ്കീത് ശർമയുടെ പേരിലുള്ള ദേശീയ ഗെയിംസ് റെക്കോഡ് (8.04) മറികടന്ന ജെസ്വിൻ ഏഷ്യൻ ഗെയിംസ് (7.98), ലോക ചാമ്പ്യൻഷിപ് (8.25) യോഗ്യത മാർക്കുകളും പിന്നിട്ടു. ഇവ രണ്ടിനും യോഗ്യത നേടുന്നതിനുള്ള അവസരം കൂടിയായാണ് ശ്രീശങ്കർ ദേശീയ ഗെയിംസിനെ കണ്ടിരുന്നത്. വെങ്കലം നേടിയ കേരളത്തിന്റെ മുഹമ്മദ് അനീസ് ചാടിയത് 7.92 മീറ്ററാണ്.
റെക്കോഡിൽ അതിവേഗം അംലാനും ജ്യോതിയും
ഗാന്ധിനഗർ: അതിവേഗ താരങ്ങളെ തീരുമാനിക്കുന്ന പുരുഷ, വനിത 100 മീ. മത്സരങ്ങളിൽ ദേശീയ ഗെയിംസ് റെക്കോഡുകളും പിറന്നു. 10.38 സെക്കൻഡിലാണ് അസമിന്റെ അംലാൻ ബൊർഗോഹെയ്ൻ ഫിനിഷ് ചെയ്തത്. 2015ലെ 10.45 റെക്കോഡ് അംലാനും രണ്ടാം സ്ഥാനക്കാരൻ തമിഴ്നാടിന്റെ വി.കെ. എലകിയദാസനും (10.44) മറികടന്നു. തമിഴ്നാടിന്റെ തന്നെ ബി. ശിവകുമാറിനാണ് (10.48) വെങ്കലം. വനിതകളിൽ 2015ലെ റെക്കോഡിനേക്കാൾ കുറഞ്ഞ സമയത്താണ് ആദ്യത്തെ ആറ് താരങ്ങളും ഫിനിഷ് ചെയ്തത്.
സ്വർണം നേടിയ ആന്ധ്രപ്രദേശിന്റെ ജ്യോതിയാരാജി (11.51), വെള്ളി സ്വന്തമാക്കിയ തമിഴ്നാടിന്റെ അർച്ചന ശുശീന്ദ്രൻ (11.55), വെങ്കലം കിട്ടിയ മഹാരാഷ്ട്രയുടെ ഡയാൻഡ്ര വല്ലദാരെസ് (11.62) എന്നിവർക്ക് പുറമെ ഹിമശ്രീ റോയ് (ബംഗാൾ, 11.67), സർബാനി നന്ദ (ഒഡിഷ, 11.69), ദ്യുതിചന്ദ് (ഒഡിഷ, 11.69) എന്നിവരും റെക്കോഡിനേക്കാൾ മുന്നിലെത്തി. അന്തർദേശീയ താരം അസമിന്റെ ഹിമദാസിന് (11.74) എട്ടിൽ ഏഴാം സ്ഥാനമാണ് ലഭിച്ചത്.
ഗാന്ധിനഗർ: കഴിഞ്ഞ ദിവസം വനിതകളുടെ 100 മീ. ഹീറ്റ്സ് മത്സരത്തിന് ശേഷമാണ് കഴുത്തിൽകിടന്ന ഡയമണ്ട് ലോക്കറ്റോട് കൂടിയ സ്വർണമാല കളഞ്ഞുപോയ കാര്യം കേരള താരം പി.ഡി. അഞ്ജലി ശ്രദ്ധിക്കുന്നത്. ഗ്രൗണ്ടിലും താമസസ്ഥലത്തും വഴിയിലുമൊക്കെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. മാധ്യമപ്രവർത്തകരെടുത്ത വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചപ്പോൾ മത്സരത്തിന് മുമ്പേ മാല നഷ്ടപ്പെട്ടതായി വ്യക്തമായി.
ആറ് കൊല്ലത്തിലധികം കഴുത്തിലുണ്ടായിരുന്ന ആഭരണം നഷ്ടപ്പെട്ട സങ്കടത്തിലിരിക്കെയാണ് അഞ്ജലി ഉൾപ്പെട്ട ടീമിന് 4x100 റിലേയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. രണ്ടാം ലാപ്പിൽ ഓടിയ അഞ്ജലിയിലൂടെ ലീഡ് പിടിച്ച കേരളം പിന്നെ വിട്ടുകൊടുത്തില്ല. മാല നഷ്ടപ്പെട്ട വിഷമം ദേശീയ ഗെയിംസ് സ്വർണനേട്ടത്തിലൂടെ മറക്കാൻ ശ്രമിക്കുകയാണ് അഞ്ജലി. 100 മീ. ഹീറ്റ്സിലെ 10.73 സെക്കൻഡ് അഞ്ജലിയുടെ പേഴ്സനൽ ബെസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.