കോഹ്‍ലിയല്ല, സചിന്റെ റൺ റെക്കോഡ് തകർക്കാനാകുക ഈ താരത്തിന്; പ്രവചനവുമായി റിക്കി പോണ്ടിങ്

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റൺ റെക്കോഡുകൾ തകർക്കാൻ പലരും സാധ്യത കൽപിക്കുന്ന താരമാണ് വിരാട് കോഹ്‍ലി. ഇതിനകം സചിന്റെ നിരവധി റെക്കോഡുകൾ കോഹ്‍ലി സ്വന്തം പേരിലാക്കിക്കഴിഞ്ഞു. എന്നാൽ, ടെസ്റ്റിലെ സചിന്റെ റൺ ​റെക്കോഡ് തകർക്കാൻ സാധ്യത ഒരു ഇംഗ്ലീഷ് താരത്തിനാണെന്ന് പ്രവചിക്കുകയാണ് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടാണ് ഇതിന് സാധ്യതയുള്ള ബാറ്ററെന്നാണ് പോണ്ടിങ്ങി​ന്റെ വിലയിരുത്തൽ. അടുത്ത നാല് വർഷം സ്ഥിര​തയോടെ നിന്നാൽ സചിനെ മറികടക്കാനാവുമെന്നാണ് ഐ.സി.സി റിവ്യൂവിൽ പോണ്ടിങ്ങിന്റെ പ്രവചനം.

‘റൂട്ടിന് അത് ചെയ്യാൻ കഴിയും. അവന് 33 വയസ്സാണുള്ളത്. ഇപ്പോൾ 3000 റൺസ് പിറകിലാണ്. സചിനെ മറികടക്കൽ എത്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു വർഷം 10-14 ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയും ഒരു വർഷം 800 മുതൽ 1,000 വരെ റണ്ണുകൾ നേടുകയും ചെയ്യുന്നുവെങ്കിൽ, മൂന്നോ നാലോ വർഷം കൊണ്ട് അവന് ലക്ഷ്യത്തിലെത്താനാകും. റൺ നേടാനുള്ള അതിയായ ആഗ്രഹം ഉണ്ടായാൽ അതിലെത്താൻ അവസരവുമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് അവൻ നടത്തിയത്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് അവൻ ഒരുപാട് അർധസെഞ്ച്വറികൾ നേടിയിരുന്നു, എന്നാൽ സെഞ്ച്വറികളിലെത്താൻ പാടുപെട്ടു. അടുത്തകാലത്തായി അവൻ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ 50 കടക്കുമ്പോഴെല്ലാം നൂറി​ലെത്തുന്നു’ -പോണ്ടിങ് പറഞ്ഞു.


ടെസ്റ്റിൽ 12000 റൺസ് പൂർത്തിയാക്കിയ ഏഴാമത്തെ താരമാണ് റൂട്ട്. വെസ്റ്റിൻഡീസിനെതിരെ അടുത്തിടെ നടന്ന ടെസ്റ്റിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. 143 ടെസ്റ്റിൽ 32 സെഞ്ച്വറിയും 63 അർധസെഞ്ച്വറിയും അടക്കം 12,027 റൺസാണ് നിലവിൽ ഇംഗ്ലണ്ടുകാരന്റെ സമ്പാദ്യം. 50.11 ആണ് ശരാശരി. ശ്രീലങ്കയുടെ കുമാർ സംഗക്കാരയെയും (12,400), മുൻ സഹതാരം അലിസ്റ്റർ കുക്കിനെയും (12,472) അടുത്തുതന്നെ താരത്തിന് മറികടക്കാനായേക്കും.

200 ടെസ്റ്റുകളിൽ 15,921 റൺസാണ് സചിന്റെ സമ്പാദ്യം. 51 സെഞ്ച്വറിയും 68 അർധസെഞ്ച്വറിയും നേടിയ താരത്തിന്റെ ശരാശരി 53.78 ആണ്. പോണ്ടിങ് ആണ് ടെസ്റ്റ് റൺവേട്ടക്കാരിൽ രണ്ടാമത്. 168 ടെസ്റ്റിൽ 13,378 റൺസാണ് പോണ്ടിങ് അടിച്ചുകൂട്ടിയത്. 

Tags:    
News Summary - Not Kohli, this player can break Sachin's run record; Ricky Ponting with prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.