ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞ് ഈഫൽ ഗോപുരം

പാരിസ്: ഒളിമ്പിക്സിന് 50 നാൾ ബാക്കിനിൽക്കെ ഫ്രഞ്ച് തലസ്ഥാന നഗരത്തിന്റെ അഭിമാനമുദ്രയായ ഈഫൽ ഗോപുരത്തിൽ ദൃശ്യചാരുത പകർന്ന് ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞു. പാരിസ് നഗരഹൃദയത്തിൽ സീൻ നദിക്ക് അഭിമുഖമായി 135 വർഷം പഴക്കമുള്ള ഉരുക്കുനിർമിതിയുടെ തെക്കുവശത്തായാണ് ഉരുക്കിൽതന്നെ തീർത്ത വളയങ്ങൾ ഇനി പകലിലും രാത്രിയിലും സന്ദർശകരെ വരവേൽക്കുക.

ഓരോ വളയവും ഒമ്പത് മീറ്റർ വിസ്തൃതിയിലാണ് തീർത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി രണ്ട് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചായിരുന്നു ഗോപുരത്തിന്റെ ഒന്ന്, രണ്ട് നിലകൾക്ക് മധ്യേ ഇവ സ്ഥാപിച്ചത്. ഓരോ രാത്രിയിലും ഇവ പ്രകാശമാനമാക്കി ലക്ഷം എൽ.ഇ.ഡി ബൾബുകളാകും തെളിക്കുക. ആഗസ്റ്റിൽ പാരാലിമ്പിക് ഗെയിംസ് സമാപനം വരെ ഈ വളയങ്ങൾ വെളിച്ചം പകർന്ന് ഗോപുര മുകളിലുണ്ടാകും.

ആയിരക്കണക്കിന് അത്‍ലറ്റുകൾ സീൻ നദിയിൽ ബോട്ടുകളിലായി സൂര്യാസ്തമയ സമയത്ത് പരേഡ് നടത്തുന്നതോടെയാകും ജൂലൈ 26ന് ഒളിമ്പിക് ഉദ്ഘാടന ചടങ്ങുകൾക്ക് നാന്ദിയാകുക. പഴക്കമേറെയുള്ള നിർമിതികൾ തലയുയർത്തിനിൽക്കുന്ന പാരിസിലെ ഒളിമ്പിക്സിൽ ഇത്തവണ പൈതൃകപ്പെരുമ അടയാളപ്പെടുത്തുന്ന വേദികളിലും മത്സരങ്ങൾ നടക്കുന്നുണ്ട്. പുരുഷ-വനിത വോളിബാൾ നടക്കുന്നത് ഈഫൽ ഗോപുരത്തിന് താഴെയൊരുക്കിയ വേദിയിലാകും. 13,000 കാണികൾക്ക് ഇരിക്കാവുന്നതാണ് താൽക്കാലികമായി സജ്ജമാക്കുന്ന ഈഫൽ ഗോപുര സ്റ്റേഡിയം.

ഒളിമ്പിക് മെഡലുകൾ തയാറാക്കുന്നതിലുമുണ്ട് ഈഫൽ ഗോപുര സ്പർശം. ഗോപുരത്തിൽനിന്നെടുത്ത് ഇരുമ്പ് ഉരുക്കിയെടുത്താണ് ഒളിമ്പിക്-പാരാലിമ്പിക് മെഡലുകൾ നൽകുക. വേദിയുണരാൻ നാളുകൾ മാത്രം ബാക്കിനിൽക്കെ സന്ദർശകപ്രവാഹം കൊണ്ട് വീർപ്പുമുട്ടുകയാണ് പാരിസ്. വെഴ്സായ്, ഗ്രാൻഡ് പാലസ് തുടങ്ങിയ ചരിത്ര സ്മാരകങ്ങളുടെ പരിസരത്തുമുണ്ട് വേദികൾ

Tags:    
News Summary - Olympic rings displayed on Eiffel Tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.