സിഡ്നി: ടെസ്റ്റ് കരിയറിനു അവസാനമാകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിശബ്ദത വെടിഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ രോഹിത് ‘സ്വയം വിശ്രമം’ ആവശ്യപ്പെട്ട് പിന്മാറിയതോടെയാണ് താരത്തിന്‍റെ കരിയറിന് അവസാനമായെന്ന ചർച്ചകൾ സജീവമായത്.
ടെസ്റ്റിൽനിന്ന് വിരമിച്ചിട്ടില്ലെന്നും സിഡ്നി ടെസ്റ്റിൽനിന്ന് മാത്രമാണ് മാറിനിൽക്കുന്നതെന്നും രോഹിത് വ്യക്തമാക്കി. ‘പരിശീലകനുമായും സെലക്ടർമാരുമായും സംസാരിച്ചു. ഇപ്പോൾ റൺസ് നേടാനാകുന്നില്ലെന്നത് അംഗീകരിക്കുന്നു. ഫോമിലല്ല. ഇതൊരു നിർണായക മത്സരമാണ്, ഞങ്ങൾക്ക് വിജയം അനിവാര്യമാണ്. ഫോമിലല്ലാത്ത ഒന്നിലധികം താരങ്ങളെ ടീമിൽ നിലനിർത്താനാകില്ല. ടീമിൽനിന്ന് മാനിനിൽക്കാനുള്ള തീരുമാനത്തെ അവർ പിന്തുണച്ചു, അത് തനിക്ക് ഏറെ പ്രയാസകരമായിരുന്നു’ -രോഹിത് പറഞ്ഞു.
ശ്രമിക്കുന്നുണ്ടെങ്കിലും റൺസ് കണ്ടെത്താനാകുന്നില്ല. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽനിന്ന് മാറിനിൽക്കുന്നത് ഏറെ പ്രധാനമാണ്. ടെസ്റ്റിൽനിന്ന് വിരമിച്ചിട്ടില്ല. താൻ എവിടേക്കും പോയിട്ടില്ല. അഞ്ച് മാസത്തിനുശേഷം സംഭവിക്കുന്ന കാര്യങ്ങളിൽ താൻ വിശ്വസിക്കുന്നില്ല. നിലവിലെ കാര്യങ്ങളിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത്. ഇത് വിരമിക്കാനുള്ള തീരുമാനമല്ല. മാറി നിൽക്കുക മാത്രമാണ് ചെയ്യുന്നത്. തിരിച്ചുവരുമെന്നും ആത്മവിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് രോഹിത് സിഡ്നി ടെസ്റ്റിൽനിന്ന് പുറത്തായത്. മൂന്ന് മത്സരങ്ങളിൽനിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 6.2 മാത്രം. രോഹിത് നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ടീം പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോ ഓണും തോൽവിയും ഒഴിവാക്കിയത്. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിതിന്‍റെ ബാറ്റിങ് ശരാശരി. 67 ടെസ്റ്റുകളില്‍ ബാറ്റിങ് ശരാശരി 40.58 ആണ്. 12 സെഞ്ച്വറികളും ഒരു ഡബ്ള്‍ സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4302 റണ്‍സാണ് സമ്പാദ്യം.
മെൽബണിൽ കളിച്ച ടെസ്റ്റാവും രോഹിതിന്റെ കരിയറിലെ അവസാന ടെസ്റ്റെന്ന് തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും പിന്നോട്ടു പോയ രോഹിതിന് വിടവാങ്ങൽ മത്സരമില്ലാതെ പാഡഴിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സിഡ്നിയില്‍ ജയിച്ചാല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.
ആറ് മാസത്തിനു ശേഷം ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ മത്സരങ്ങളിൽ രോഹിത് കളിക്കില്ലെന്നും പറയുന്നു. പുതിയ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അഭിപ്രായ വ്യത്യാസവും ടീമിലെ തലമുറ മാറ്റവും രോഹിതിന്റെ വഴിമാറലിന് കാരണമാകും. മുൻ നായകൻ വിരാട് കോഹ്‍ലിയെയും ഭാവിയിൽ പരിഗണിച്ചേക്കില്ല. പ്രായമായെങ്കിലും മികച്ച ഫോം തുടരുന്നതിനാൽ രവീന്ദ്ര ജദേജ ടീമിൽ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കു ശേഷം രോഹിത് ഏകദിനത്തിൽനിന്നും വിരമിക്കാനാണ് സാധ്യത.
രോഹിതിനെ പുറത്താക്കിയതല്ലെന്നും വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും സിഡ്നി ടെസ്റ്റിലെ ടോസിനിടെ നായകൻ ജസ്പ്രീത് ബുംറ പറഞ്ഞത്. ‘‘ഞങ്ങളുടെ നായകൻ തനിയെ പുറത്തിരുന്നു നേതൃത്വപാടവമാണ് കാണിച്ചത്. ഒത്തൊരുമയാണ് ഇതിലൂടെ കാണിക്കുന്നത്. ആർക്കും സ്വാർഥത ഇല്ലെന്ന് തെളിയിക്കുന്നു. ടീമിന്‍റെ നല്ലതിനു വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്’’ - ബുംറ പറഞ്ഞു.
മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റ് രോഹിത് ശർമയുടെ അവസാന ടെസ്റ്റായിരുന്നുവെന്ന അഭിപ്രായമാണ് മുൻ ക്യാപ്റ്റൻമാരായ സുനിൽ ഗവാസ്കറിനും രവിശാസ്ത്രിക്കും. ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്തിയില്ലെങ്കിൽ രോഹിതിന്റെ കരിയറിലെ അവസാന ടെസ്റ്റായിരുന്നു മെൽബണിലേതെന്ന് ഗവാസ്കർ പറഞ്ഞു. ഈ പരമ്പരക്ക് ശേഷം രോഹിത് ടെസ്റ്റിനോട് വിടപറയുമെന്ന അഭിപ്രായമാണ് മുൻ പരിശീലകൻ കൂടിയായ രവിശാസ്ത്രിക്ക്. മിടുക്കരായ യുവതാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.