മഹാരാജാസ് സ്റ്റേഡിയത്തിൽ രാവിലെ ഇളംവെയിൽ സിന്തറ്റിക്ക് ട്രാക്കിനെ മെല്ലെ തലോടി തുടങ്ങിയിരുന്നു...ചൂടാവും മുമ്പേ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ വെടിയൊച്ച വന്നു. ട്രാക്കിൽ രണ്ട്പേർ ഒരുമിച്ച് കഥയും പറഞ്ഞ് ഓടുന്ന പോലെയാണ് ആദ്യം തോന്നിയത്. ഓറഞ്ചും കറുപ്പും കലർന്ന ഒരേ ജഴ്സിയിൽ റെക്കോഡ് മറികടക്കാനായിരുന്നു അവരുടെ ഉദ്ദേശമെന്ന് പിന്നീടാണ് വ്യക്തമായത്. കൂടെ മത്സരിച്ചവരെ ബഹുദൂരം പിന്നിലാക്കി 1500 മീറ്ററിൽ സ്വർണവും വെള്ളിയും നേടിയത് ഒരേ സ്കൂളിലെ കൂട്ടുകാരായിരുന്നു. മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിന്റെ മുഹമ്മദ് അമീനും മുഹമ്മദ് ജസീലുമായിരുന്നു ആ പാർട്ണർമാർ. നിലവിലെ മീറ്റ് റെക്കോഡിനെ പഴങ്കഥയാക്കിയാണ് ഇരുവരും ഞെട്ടിച്ചത്.
10 വർഷം മുമ്പ് പാലക്കാട് പറളി എച്ച്.എസിലെ മുഹമ്മദ് അഫ്സലിന്റെ പേരിലുള്ള മൂന്ന് മിനിറ്റ് 54.92 സെക്കൻഡാണ് പൊളിച്ചത്. മൂന്ന് മിനിറ്റ് 54.38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മുഹമ്മദ് അമീൻ റെക്കോഡോടെ സ്വർണമണിഞ്ഞത്. തൊട്ടു പിന്നിൽ മൂന്ന് മിനിറ്റ് 54.88 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മുഹമ്മദ് ജസീൽ വെള്ളി നേടിയത്. കഴിഞ്ഞദിവസം നടന്ന 3000 മീറ്ററിന്റെ തനിയാവർത്തനമായിരുന്നു ഈ അപൂർവ കൂട്ടുകെട്ട്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിലെ കായികധ്യാപകനായ കെ.വി. ആമിർ സുഹൈലിന്റെ കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. പരസ്പരം സഹകരിച്ചും മത്സരിച്ചുമാണ് ഇരുവരും നേട്ടം കൊയ്തതെന്നും ആമിർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.