ബംഗളൂരു: 62ാമത് ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബുധനാഴ്ച തുടക്കമാവും. അഞ്ചു ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ റെയിൽവേസ്, സർവിസസ്, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങി 13 സംസ്ഥാനങ്ങളിൽനിന്നും ഡിപാർട്ടുമെന്റുകളിൽനിന്നുമായി 1200 അത്ലറ്റുകൾ പങ്കെടുക്കും. റെയിൽവേസാണ് നിലവിലെ ചാമ്പ്യന്മാർ. കേരളത്തിൽനിന്ന് 19 വനിത താരങ്ങളും 34 പുരുഷ താരങ്ങളും അടക്കം 53 പേർ പങ്കെടുക്കും.
ഒളിമ്പിക്സിനുള്ള മുന്നൊരുക്കം നവംബറിൽ തുടങ്ങുമെന്നതിനാൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിക്ക താരങ്ങളും വിശ്രമത്തിനായി ഓപൺ ചാമ്പ്യൻഷിപ്പിൽനിന്ന് വിട്ടുനിന്നേക്കും. ഡൽഹിയിലെ സ്വീകരണ ചടങ്ങുകളിലാണ് ഈ താരങ്ങൾ. ചിലർ റിലേ ഇനത്തിൽ മാത്രമായി പങ്കെടുത്തേക്കും. ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡ്ൽസിൽ പി.ടി. ഉഷയുടെ റെക്കോഡിനൊപ്പമെത്തിയ വിദ്യ രാമരാജ് ഒളിമ്പിക്സ് യോഗ്യത തേടി ബംഗളൂരുവിലിറങ്ങും.
39 വർഷം മുമ്പ് പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോഡാണ് വിദ്യ ഹാങ്ചോവിൽ പങ്കിട്ടത്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻത്രോയിൽ സ്വർണജേതാവും ദേശീയ റെക്കോഡുകാരിയുമായ അന്നുറാണി, വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ വെള്ളി മെഡൽ ജേതാവായ ജ്യോതി യാരാജി, ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രക്ക് പിന്നിൽ വെള്ളി നേടിയ കിഷോർ ജെന, റിയോ ഒളിമ്പിക് താരം സർബാനി നന്ദ, ഷോട്ട് പുട്ടിലെ മുൻ ഏഷ്യൻചാമ്പ്യൻ മൻപ്രീത് കൗർ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിനെത്തും. ആൻഡി ഡോപിങ് ഏജൻസിയായ നാഡയുടെ ഒഫീഷ്യലുകളും ബംഗളൂരുവിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.