ഫ്രഞ്ച് ഓപൺ സെമി മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറേണ്ടിവന്ന അലക്സാണ്ടർ സ്വരേവിനെ ആശ്വസിപ്പിക്കുന്ന റാഫേൽ നദാൽ

ഫ്രഞ്ച് ഓപൺ: നദാൽ ഫൈനലിൽ

പാരിസ്: റോളങ് ഗാരോയിലെ കളിമൺ കോർട്ടിൽ 14ാം കിരീടമെന്ന റെക്കോഡിനും റാഫേൽ നദാലിനുമിടയിൽ ഒരു കളിയകലം മാത്രം. സെമി ഫൈനലിൽ എതിരാളി ജർമനിയുടെ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ആറാം സീഡുകാരനായ സ്‍പെയിൻകാരൻ ഫൈനലിലേക്ക് മുന്നേറിയത്.

ആദ്യ സെറ്റ് 7-6ന് നേടിയശേഷം രണ്ടാം സെറ്റിൽ 6-6ൽ നിൽക്കെയാണ് സ്വരേവിന് പരിക്കേറ്റത്. തുടക്കം മുതൽ കൊണ്ടും കൊടുത്തുമുള്ള പോരാട്ടമായിരുന്നു ഫിലിപ്പെ ഷാട്രിയർ കോർട്ടിൽ. 6-6ന് തുല്യത പാലിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ സ്വരേവ് നാലു സെറ്റ് പോയന്റ് സ്വന്തമാക്കി.

എന്നാൽ, അപാരമായ പോരാട്ടവീര്യത്തോടെ നാലും രക്ഷിച്ചെടുത്ത നദാൽ 10-8 മുൻതൂക്കവുമായി സെറ്റ് നേടി. രണ്ടാം സെറ്റിലും ഇഞ്ചോടിഞ്ച് പോരായിരുന്നു. ഒടുവിൽ നദാൽ 6-6ന് തുല്യതയിലെത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് പരിക്കേറ്റുവീണത്. ഇതോടെ സ്വരേവ് കണ്ണീരോടെ പിന്മാറി. 

വനിത ഫൈനൽ ഇന്ന്: സ്വൈറ്റകും ഗോഫും നേർക്കുനേർ

ഫ്രഞ്ച് വനിത സിംഗ്ൾസ് ഫൈനലിൽ ശനിയാഴ്ച ഇഗ സ്വൈറ്റക്-കോകോ ഗോഫ് പോരാട്ടം. ലോക ഒന്നാം നമ്പർ താരവും ടൂർണമെന്റിലെ ടോപ് സീഡുമാണ് പോളണ്ടുകാരിയായ സ്വൈറ്റക്. ആസ്ട്രേലിയൻ ഓപൺ ജയിച്ചതിനുപിന്നാലെ ആസ്ട്രേലിയക്കാരി ആഷ് ലി ബാർതി വിരമിച്ചതോടെ ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കു കയറിയ സ്വൈറ്റക് തുടർച്ചയായ 34ാം ജയവുമായാണ് കലാശക്കളിക്ക് ഇറങ്ങുന്നത്. 2020ലെ ഫ്രഞ്ച് ഓപൺ ജേത്രിയായ 21കാരിയുടെ ലക്ഷ്യം രണ്ടാം ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണ്.

ലോക 23ാം നമ്പറും ടൂർണമെന്റിൽ 18ാം സീഡുമായ യു.എസിന്റെ ഗോഫ് കന്നി ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആസ്ട്രേലിയൻ ഓപണിലും വിംബ്ൾഡണിലും പ്രീക്വാർട്ടറിലെത്തിയതാണ് 18കാരിയുടെ ഇതുവരെയുള്ള മികച്ച ഗ്രാൻഡ്സ്ലാം പ്രകടനം. സെമിയിൽ ആധികാരിക ജയങ്ങളുമായാണ് സ്വൈറ്റകും ഗോഫും മുന്നേറിയത്. സ്വൈറ്റക് 6-2, 6-1ന് റഷ്യയുടെ 20ാം സീഡ് ഡാരിയ കസറ്റ്കിനയെ തകർത്തപ്പോൾ ഗോഫ് 6-3, 6-1ന് ഇറ്റലിയുടെ സീഡില്ലാ താരം മാർട്ടിന ട്രെവിസാനെയാണ് കെട്ടുകെട്ടിച്ചത്.

Tags:    
News Summary - French Open: Nadal in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.