ഹാങ്ചോ: വനിത 100 മീറ്റർ ഹർഡ്ൽസിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മത്സരത്തിൽ ഇന്ത്യയുടെ ജ്യോതി യാരാജി നേടിയ വെങ്കലം രണ്ടാം സ്ഥാനക്കാരിയായ ചൈനയുടെ യാനി വൂവിനെ പ്രതിഷേധത്തിനൊടുവിൽ അയോഗ്യയാക്കിയതിനെത്തുടർന്ന് വെള്ളി മെഡലായി ഉയർത്തി.
മത്സരം ലേൻ നാലിലായിരുന്നു വൂ, ജ്യോതി അഞ്ചിലും. വെടിയൊച്ച മുമ്പ് തന്നെ വൂ കുതിച്ചു. ഇത് തൊട്ടടുത്തുനിന്ന ജ്യോതിയിലും ഇളക്കമുണ്ടാക്കി. തുടർന്ന് രണ്ടുപേരെയും അയോഗ്യരാക്കി. തുടർന്ന് ചർച്ചകൾക്കൊടുവിൽ ജ്യോതിക്കും വൂവിനും മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു. മത്സരം പൂർത്തിയാവുമ്പോൾ ചൈനയുടെ ലിൻ യുവേയ് (12.74) ഒന്നും യാനി വൂ (12.77) രണ്ടും ജ്യോതി (12.91) സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ജ്യോതി നിരാശ പ്രകടിപ്പിച്ച് പ്രതിഷേധം തുടർന്നതോടെ ഒഫീഷ്യലുകൾ റീപ്ലേകൾ തുടർച്ചയായി പരിശോധിച്ച് വൂ ആണ് കുറ്റക്കാരിയെന്ന തീർപ്പ് കൽപ്പിക്കുകയും അയോഗ്യയാക്കുകയുമായിരുന്നു. നാലാം സ്ഥാനത്തായിരുന്നു ജപ്പാന്റെ തനക യൂമിക്ക് വെങ്കലവും ലഭിച്ചു.
വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ലോക ചാമ്പ്യൻ നിഖാത് സരീൻ 50 കിലോഗ്രാം ഇനത്തിൽ സെമി ഫൈനലിൽ വീണു. തായ്‍ലൻഡിന്റെ റകാസ്ത് ചുതമട്ടിനോട് 1-2നായിരുന്നു തോൽവി. ഇതോടെ നിഖാതിന് വെങ്കലം ലഭിച്ചു. അതേസമയം, വനിത 57 കിലോ സെമിയിലെത്തി മെഡലുറപ്പിച്ച പർവീൻ ഹൂഡ ഒളിമ്പിക് യോഗ്യതയും കരസ്ഥമാക്കി. ക്വാർട്ടർ ഫൈനലിൽ ഉസ്ബകിസ്താന്റെ സിതോര ടുർഡിബെകോവയെയാണ് തോൽപിച്ചത്. 60 കിലോ ക്വാർട്ടറിൽ ഉത്തര കൊറിയയുടെ വോൻ ഉങ് യോങ്ങിനോട് തോറ്റ് ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.