തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ്പ്രീ രണ്ടില്‍ കേരളതാരങ്ങളുടെ സ്വർണക്കൊയ്ത്ത്. കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളിൽ ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമുൾപ്പെടെ 16 മെഡലുകളാണ് മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. ദിവസങ്ങൾക്കു മുമ്പ് നടന്ന ഒന്നാം എഡിഷനിൽ മൂന്നു സ്വർണമായിരുന്നു സമ്പാദ്യം. ഏഴു സ്വർണത്തിൽ നാലെണ്ണം ജംപിങ് പിറ്റില്‍നിന്നും മൂന്നെണ്ണം ട്രാക്കില്നിന്നുമാണ് കേരളം തിങ്കളാഴ്ച നേടിയത്. പുരുഷന്മാരുടെ 200 മീറ്ററില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസ്, 1500 മീറ്ററില്‍ ജിന്സണ് ജോണ്സണ്, ട്രിപ്ൾ ജംപിൽ എല്‍ദോസ് പോള്‍, ലോങ്ജംപിൽ നിര്‍മല്‍ സാബു, 400 മീറ്റര്‍ ഓട്ടത്തില്‍ വി. മുഹമ്മദ് അജ്മല്‍, വനിതകളുടെ പോൾവാൾട്ടിൽ മാളവിക രാജേഷ്, ട്രിപ്ള്‍ ജംപിൽ നയന ജയിംസ് എന്നിവർ കേരളത്തിനുവേണ്ടി സുവര്‍ണനേട്ടം കൈവരിച്ചു.
പുരുഷന്മാരുടെ 200 മീറ്ററില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസ് 21.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വർണം നേടി. പുതിയ സീസണില്‍ മികച്ച തുടക്കം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കഠിനമായ ചൂടായിരുന്നു പ്രതികൂലമായതെന്നും അനസ് പ്രതികരിച്ചു. 1500 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോഡിന് ഉടമയായ ജിന്സണ് ജോണ്സണ് സ്വർണം നേടിയെങ്കിലും റെക്കോഡ് നേട്ടം കൈവരിക്കാനായില്ല. പരിക്കുമൂലം ഒരുവർഷത്തെ ഇടവേളക്കുശേഷമാണ് ജിൻസൺ ഇറങ്ങിയത്. മൂന്നു മിനിറ്റ് 44.52 സെക്കന്‍ഡിലാണ് ജിന്സൺ ഫിനിഷ് ചെയ്തത്.
ജംപിങ് പിറ്റില്‍നിന്നുള്ള നാലു സ്വർണം പുരുഷന്മാരും വനിതകളും പങ്കിട്ടു. കോമണ്‍വെല്‍ത്ത് മെഡൽ ജേതാവ് എല്‍ദോസ് പോള്‍ 16.22 മീറ്റര്‍ ദൂരം ചാടി പുരുഷന്മാരുടെ ട്രിപ്ൾ ജംപിലെ സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ 13.28 മീറ്റര്‍ ദൂരം ചാടി വനിതകളുടെ ഈയിനത്തിൽ നയന ജയിംസും കേരളത്തിനായി സ്വര്‍ണം നേടി. ലോങ്ജംപിൽ 7.72 മീറ്റര്‍ ചാടി നിര്‍മല്‍ സാബുവും വനിതകളുടെ പോൾവാൾട്ടിൽ 3.10 മീറ്റർ ചാടി മാളവിക രാജേഷും സ്വർണം സമ്മാനിച്ചു. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 46.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വി. മുഹമ്മദ് അജ്മല്‍ കേരളത്തിന്റെ പട്ടിക പൂർത്തിയാക്കി.
കേരളത്തിനായി നാലു താരങ്ങളാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. വനിതകളുടെ ട്രിപ്ള്‍ ജംപിൽ 13.19 മീറ്റര്‍ ദൂരം ചാടിയ ഗായത്രി ശിവകുമാര്‍, പോൾവാള്‍ട്ടില്‍ മൂന്നുമീറ്റര്‍ ഉയരം താണ്ടിയ നവമി രവീന്ദ്രന്, പുരുഷന്മാരുടെ ലോങ്ജംപിൽ 7.28 മീറ്റര്‍ ദൂരം കണ്ടെത്തിയ കെ.എം. ശ്രീകാന്ത്, ട്രിപ്ൾ ജംപിൽ യു. കാർത്തിക് എന്നിവരാണ് വെള്ളിനേട്ടത്തിന് അവകാശിയായത്. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ കെ. ശ്വേതയും വെള്ളി നേടി. പുരുഷന്മാരുടെ ട്രിപ്ള്‍ ജംപില്‍ അബ്ദുല്ല അബൂബക്കറും വനിതകളുടെ 200 മീറ്ററില്‍ ആര്. അനുവും പോൾവാള്‍ട്ടില്‍ ചിഞ്ചുമോള്‍ മാത്യുവും ഹാമര്‍ത്രോയില്‍ കെസിയ മറിയം ബെന്നിയും വെങ്കലം നേടി.
അന്താരാഷ്ട്രതാരം ഹിമദാസിന് കാര്യമായി ശോഭിക്കാനായില്ല. 100, 200 മീറ്റര്‍ മത്സരങ്ങളില്‍ പോരാട്ടത്തിനിറങ്ങിയ അസമിന്റെ ഹിമ രണ്ടിനത്തിലും സുവര്ണപ്രതീക്ഷയിലായിരുന്നു. എന്നാൽ, 200 മീറ്റർ ഓട്ടത്തിൽ ഫൗൾസ്റ്റാർട്ടിലൂടെ പുറത്തായ ഹിമക്ക് 100 മീറ്ററിൽ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയുംവന്നു. 100 മീറ്ററില്‍ തമിഴ്നാടിന്റെ അര്‍ച്ചന ശുശീന്ദ്രന്‍ മിന്നുംപ്രകടനത്തിലൂടെ 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് ഉടമയായപ്പോള്‍ 11.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാനേ ഹിമക്ക് സാധിച്ചുള്ളൂ. പുരുഷന്മാരുടെ 100 മീറ്ററില്‍ ഹരിയാനയുടെ സന്‍ജിത്ത് (10.65 സെക്കന്‍ഡ്) സ്വര്‍ണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.