കൊച്ചി: ജൂണ്‍ നാലുമുതല്‍ ഹരിയാനയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ന് കേരളത്തിന് 67 അംഗ കളരിപ്പയറ്റ് ടീം. ഗെയിംസിലെ അഞ്ച് തദ്ദേശീയ കായിക ഇനങ്ങളിലൊന്നായ കളരിപ്പയറ്റില്‍ മെഡൽ കൊയ്ത്ത് ലക്ഷ്യമിട്ടാണിത്. ഗെയിംസില്‍ കേരളത്തെ ആകെ പ്രതിനിധാനം ചെയ്യുന്ന 159 അത്‌ലിറ്റുകളുടെ പകുതിയോളം കളരിപ്പയറ്റ് ടീമാണ്.
പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ ഉദ്ഭവസ്ഥലം കൂടിയാണ് കേരളം. ഗെയിംസിനുള്ള തയാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളില്‍ അഞ്ചുമുതല്‍ 10 ദിവസം വരെ നീളുന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അത്‌ലറ്റിക്‌സ്, വോളിബാള്‍, ഫുട്‌ബാള്‍ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 2020 ഗെയിംസില്‍ കേരളം നേടിയ 15 സ്വര്‍ണമെഡലുകളില്‍ പത്തും അത്‌ലറ്റിക്‌സില്‍നിന്നാണ്. അത്‌ലറ്റിക്‌സിലെ ജേതാക്കളും കേരളമായിരുന്നു.
ഗെയിംസില്‍ ഏക ട്രിപ്പിള്‍ സ്വര്‍ണമെഡല്‍ ജേതാവായ ആന്‍സി സോജന്‍ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, സീസൺ അല്ലാത്തതിനാല്‍ ബാഡ്മിന്റണില്‍ ഗായത്രി ഗോപിചന്ദിന്റെ ഡബിള്‍സ് പങ്കാളിയായ ട്രീസ ജോളി ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ഗെയിംസില്‍നിന്ന് പിന്‍മാറിയത് മെഡല്‍ നേട്ടത്തില്‍ കേരളത്തിന് തിരിച്ചടിയായേക്കും.
മുന്‍ ഗെയിംസുകളില്‍ യഥാക്രമം എട്ട്, 10, 13 സ്ഥാനങ്ങളായിരുന്നു കേരളം നേടിയിരുന്നത്. ഇത്തവണ സ്ഥാനം മെച്ചപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുമെന്നും കളരിപ്പയറ്റില്‍ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കേരള കാര്‍ഷിക സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവിയും കേരള ടീമിന്റെ തലവനുമായ ഡോ. ടി.ഐ. മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.