ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ ഫൈനൽ പ്രവേശനത്തിൽ പ്രതികരണവുമായി ബജ്രംഗ് പൂനിയ. സ്വന്തം രാജ്യത്ത് തെരുവിൽ വലിച്ചിഴക്കപ്പെട്ടവളാണ് ലോകം കീഴടക്കാൻ ഒരുങ്ങുന്നതെന്ന് ബജ്രംഗ് പൂനിയ എക്സിൽ കുറിച്ചു. ക്യൂബൻ താരത്തെ തോൽപ്പിച്ച് പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് മെഡൽ ഉറപ്പാക്കിയതിന് പിന്നാലെയാണ് പൂനിയയുടെ പ്രതികരണം.
പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സിംഹമായി മാറിയിരിക്കുകയാണ്. നാല് തവണ ലോകചാമ്പ്യനും നിലവിലെ ഒളിമ്പിക് ചാമ്പ്യനേയും തോൽപിച്ചാണ് അവർ മുന്നേറിയത്. അതിന് ശേഷം മുൻ ലോകചാമ്പ്യനെ തോൽപ്പിച്ചു. എന്നാൽ, നിങ്ങളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഇതേ പെൺകുട്ടിക്ക് തന്നെയാണ് സ്വന്തം രാജ്യത്ത് നിന്ന് ചവിട്ടേൽക്കേണ്ടി വന്നത്. അവരെയാണ് തെരുവിലൂടെ വലിച്ചിഴച്ചത്. ഇന്ന് ഇതേ പെൺകുട്ടി തന്നെയാണ് ലോകം കീഴടക്കാൻ ഒരുങ്ങുന്നത്. പക്ഷേ അവർ ഈ രാജ്യത്തെ സംവിധാനങ്ങളോട് തോറ്റുവെന്നും പൂനിയ പറഞ്ഞു.
'ലോക ചാമ്പ്യൻമാരിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക വനിതയാണ് വിനേഷ്. അവളുടെ കൈയിൽ നിന്ന് വഴുതിപോയത് ഒളിമ്പിക് മെഡൽ മാത്രമാണ്. അവൾ സ്വർണ മെഡൽ നേടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ബി.ജെ.പി ഐ.ടി സെല്ലിന്‍റെയും ബ്രിജ് ഭൂഷൺ സിങ്ങിന്‍റെയും മുഖത്തേറ്റ അടിയായിരിക്കും ഇത്. അവർക്ക് എങ്ങനെയാണ് ഇന്ത്യയുടെ പെൺമക്കളെയും സഹോദരിമാരെയും അത്തരത്തിൽ കാണാൻ കഴിയുക?' -പൂനിയ വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ സമരനയിച്ചവരിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. സമരത്തിനിടെ ഡൽഹി പൊലീസ് വിനേഷ് ഫോഗട്ടിനെ തെരുവിലൂടെ വലിച്ചിഴച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബജ്രംഗ് പൂനിയയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് മുന്നേറിയത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിക്കെതിരെ നാടകീയമായായിരുന്നു ഇന്ത്യക്കാരിയുടെ ജയം. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയന്റ് പിടിച്ചാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.