കൊച്ചി: പ്രൈം വോളിബാള്‍ ലീഗിന് പന്തുയരാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ തീവ്ര പരിശീലനത്തിലാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഫെബ്രുവരി അഞ്ചിന് കൊച്ചിയിൽ ആരംഭിക്കാനിരുന്ന ടൂർണമെൻറ് ഹൈദരാബാദിലേക്ക് മാറ്റിയിട്ടുണ്ട്. മത്സര ഷെഡ്യൂളിൽ മാറ്റമുണ്ടാകില്ലെന്ന് അറിയുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ തൃപ്രയാർ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാമ്പ് ചൊവ്വാഴ്ച വരെ നീളും. തുടർന്ന് ടീം ഹൈദരാബാദിലേക്ക് തിരിക്കും. കാലിക്കറ്റ് ഹീറോസ്, കൊൽക്കത്ത തണ്ടർബോൾട്സ് എന്നീ ടീമുകളും കേരളത്തിൽ പരിശീലനം നടത്തുന്നുണ്ട്.
പരിചയസമ്പന്നരും മികച്ച പുതുമുഖങ്ങളും അടങ്ങുന്ന കെ.ബി.എസ് ടീം പ്രൈം വോളിബാൾ ലീഗ് സീസൺ ഒന്നിലെ ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യപരിശീലകൻ എച്ച്. കുമാര. പ്രതിദിനം ആറുമണിക്കൂറോളമാണ് പരിശീലനം. കിരീടം നേടാൻ കഴിയുമെന്ന ഉറച്ചവിശ്വാസമുണ്ടെന്ന് കുമാര പറയുന്നു.
ഹരിലാല്‍, ബോബി സേവ്യര്‍ എന്നിവരും സഹപരിശീലകരായി ഒപ്പമുണ്ട്. ഇന്ത്യയുടെ രാജ്യാന്തര കളിക്കാരായ എ. കാര്‍ത്തിക്, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവരടക്കം 12 കളിക്കാര്‍ ക്യാമ്പിലുണ്ട്. യു.എസില്‍ നിന്നുള്ള കോള്‍ട്ടന്‍ കോവല്‍, കോഡി കാഡ്വെല്‍ എന്നിവര്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. ''വോളിബാൾ കരിയറായി തെരഞ്ഞെടുക്കാൻ പ്രൈം വോളിബാൾ ലീഗ് യുവാക്കൾക്ക് പ്രചോദനം നൽകും. വിദേശ കളിക്കാരുടെ സാന്നിധ്യവും മികച്ച പരിശീലനവും വോളിബാൾ കരിയറായി കുട്ടികൾക്ക് സ്വീകരിക്കാൻ മാതാപിതാക്കളെയും പ്രേരിപ്പിക്കും'' - കുമാര ചൂണ്ടിക്കാട്ടി.
കരുത്തുറ്റതാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമെന്ന് രാജ്യാന്തര താരം എ. കാർത്തിക് പറയുന്നു. ടീമിന്റെ ഏറ്റവും വലിയ ശക്തി ബ്ലോക്കിങ്ങും സര്വിസുമാണെന്ന് വിശ്വസിക്കുന്ന ഈ ആറരയടിക്കാരൻ കർണാടക ഗുൽബർഗ സ്വദേശിയാണ്. മികച്ച വിദേശ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് മറ്റൊരു പ്രശസ്ത താരം ദീപേഷ് കുമാര്‍ സിന്‍ഹയുടെ കണക്കുകൂട്ടൽ. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. ഏഴ് ടീമുമായാണ് പ്രൈം വോളിബാള്‍ ലീഗിന്റെ ആദ്യ പതിപ്പ് ആരംഭിക്കുക. കാലിക്കറ്റ് ഹീറോസ്, അഹ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക് ഹോക്ക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്സ് എന്നിവയാണ് മറ്റ് ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.