ല​യ ഫാ​ത്തി​മ

തൈക്വാൻഡോ: ഇന്ത്യൻ ടീമിലേറി ലയ ഫാത്തിമ ഫ്രാൻസിലേക്ക്

പന്തീരാങ്കാവ്: ഫ്രാൻസിൽ നടക്കുന്ന ലോക സ്കൂൾ സ്പോർട്സ് ഫെഡറേഷനിൽ തൈക്വാൻഡോയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ കോഴിക്കോട്ടുകാരി. പന്തീരാങ്കാവ് വള്ളിക്കുന്ന് 'സൗമ്യ'യിൽ അബു സാദിഖ്- രസ്ന ദമ്പതികളുടെ മകളായ ലയ ഫാത്തിമയാണ് മേയ് 14 മുതൽ ഫ്രാൻസിലെ നോർമാണ്ടിയിൽ നടക്കുന്ന വേൾഡ് സ്കൂൾ ജിംനേഷ്യഡിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്. പുംസേ വ്യക്തിഗത മത്സരത്തിലാണ് ലയ പങ്കെടുക്കുന്നത്.

ചെറുപ്പം മുതലേ തൈക്വാൻഡോയിൽ പരിശീലനം നടത്തുന്ന ലയയും സഹോദരി സേബയും രാജ്യത്തിനകത്തും പുറത്തും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2019 ൽ ജോർഡനിൽ നടന്ന ഏഷ്യൻ ജൂനിയർ കാഡറ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. ചെന്നൈയിൽ നടന്ന ദേശീയ കാഡറ്റ് ചാമ്പ്യൻഷിപ്പിലും സൗത്ത് സോൺ മത്സരത്തിലും വെള്ളിമെഡലിന് അർഹയായിട്ടുണ്ട്. സഹോദരി സി.കെ. സേബ നാഷനൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം, അറുപത്തിനാലാമത് ദേശീയ സ്കൂൾ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ക്യൂരിഖി ഫൈറ്റിങ്ങിൽ വെള്ളി തുടങ്ങിയ നേട്ടങ്ങൾക്ക് അർഹയാണ്.

ഈ മാസം 19 മുതൽ 21 വരെ പുണെയിൽ നടന്ന ദേശീയ ക്യാമ്പിലാണ് ലയ ഫാത്തിമയടക്കം കേരളത്തിൽനിന്ന് നാലു പേരെ തിരഞ്ഞെടുത്തത്. എസ്. അഭിനന്ദ് (അത്ലറ്റിക്), മുബശ്ശിന മുഹമ്മദ് (അത്ലറ്റിക്), ലെന നോർബെർട്ട് (ബോക്സിങ്) എന്നിവരാണ് ലയയെ കൂടാതെ കേരളത്തിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 19 മുതൽ 24 വരെ സൗത്ത് കൊറിയയിൽ നടക്കുന്ന ലോക തൈക്വാൻഡോ ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീമിലും ലയ ഇടം നേടിയിട്ടുണ്ട്.

കോഴിക്കോട് സാവിയോ ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ലയ. ബിരുദ വിദ്യാർഥിനിയായ സേബ ഹരിയാനയിൽ നടക്കുന്ന യൂനിവേഴ്സിറ്റി തല മത്സരത്തിൽ പങ്കെടുക്കുകയാണിപ്പോൾ. ഇരുവരും തൈക്വാൻഡോ തേർഡ് ഡാൻ ബ്ലാക്ക് ബെൽട്ടാണ്. പന്തീരാങ്കാവ് സ്കൂൾ ഓഫ് തൈക്വാൻഡോയിൽ പി.സി. ഗോപിനാഥ്, പി.എം. ഉമേഷ്, കെ. പ്രണവ് എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയത്. 

Tags:    
News Summary - laya fathima to represent india in Taekwondo championship at france

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.