ബംഗളൂരു: പ്രൈം വോളിബാൾ ലീഗ് മൂന്നാം സീസൺ താരലേലം ഇന്നലെ ബംഗളൂരുവിൽ നടന്നു. 504 താരങ്ങളുടെ പട്ടികയിൽനിന്നായിരുന്നു ലേലം. പതിവുപോലെ ഇക്കുറിയും നിരവധി മലയാളി അന്തർദേശീയ, ദേശീയ താരങ്ങൾ വിവിധ ടീമുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
30ൽ അധികം മലയാളി താരങ്ങൾ വിവിധ ടീമുകളിലായി ഇറങ്ങും. കേരളത്തില്‍നിന്നുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഉള്‍പ്പെടെ ഒമ്പത് ടീമുകളാണ് പ്രൈം വോളിയില്‍ ഇക്കുറി കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ബംഗളൂരു ടോര്‍പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റയേഴ്സ് ടീമുകൾക്ക് പുറമെ നവാഗതരായി ഡൽഹി തൂഫാൻസുമെത്തും. ഗോൾഡ് (അടിസ്ഥാനവില അഞ്ച് ലക്ഷം), സിൽവർ (മൂന്ന് ലക്ഷം), ബ്രോൺസ് ( രണ്ട് ലക്ഷം) എന്നീ വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു ലേലം.
റെക്കോഡ് തുകയായ 18 ലക്ഷത്തിന് രണ്ട് താരങ്ങളെയെടുത്തു. കൊച്ചി ടീമിലേക്ക് അറ്റാക്കറായി അമൻ കുമാറും ചെന്നൈ ബ്ലിറ്റ്സിലേക്ക് സമീറുമാണ് വിലയേറിയ താരങ്ങളായെത്തുന്നത്. അറ്റാക്കർമാരായ എറിൻ വർഗീസ്, ജോർജ് ആന്റണി, യൂനിവേഴ്സൽ ജിബിൻ സെബാസ്റ്റ്യൻ, മിഡിൽ ബ്ലോക്കർ ബി.എസ് അഭിനവ് എന്നിവരെ കൊച്ചിയും യൂനിവേഴ്സൽ ജെറോം വിനീത്, അറ്റാക്കർമാരായ എം. അശ്വിൻ രാജ്, ചിരാഗ് യാദവ്, സെറ്റർ മോഹൻ ഉക്രപാണ്ഡ്യൻ, മിഡിൽ ബ്ലോക്കർ ഷഫീഖ് റഹ്മാൻ എന്നിവരെ കാലിക്കറ്റും നിലനിർത്തി. അറ്റാക്കർ ലൂയിസ് ഫിലിപ്പ് ഫെരേരയും (ബ്രസീൽ), മിഡിൽ ബ്ലോക്കർ ഡാനിയൽ മൊതാസെദിയും (ഇറാൻ) കാലിക്കറ്റിലെയും യൂനിവേഴ്സൽ ജാൻ സിമോൺ ക്രോൾ (പോളണ്ട്) കൊച്ചിയിലെയും വിദേശ താരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.