കേളകം: കായിക മാമാങ്കങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻ ജീവിതകളരിയിൽ വിയർക്കുന്നു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി കൂട്ടുങ്കൽ ടോണി മാത്യുവിനാണ് ജോലിയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കാൻ വീട്ടുപറമ്പിൽ റബർ ടാപ്പിങ് നടത്തുകയാണ് ബി.എ ഇക്കണോമിക്സ് ബിരുദധാരിയും ജാവലിൻ ത്രോയിൽ നിരവധി ദേശീയ മത്സരങ്ങളിൽ സ്വർണമെഡലും ചാമ്പ്യൻപട്ടവും നേടിയ ടോണി മാത്യു. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ 50ൽ അധികം സ്വർണ മെഡലുകൾ നേടിയ മലയോരത്തിന്റെ ഏക അത്ലറ്റിക് താരം കൂടിയാണ് ഇദ്ദേഹം.
2008ൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ നിന്നാണ് ജാവലിൻ ത്രോയിൽ അരങ്ങേറ്റം കുറിച്ചത്. ജോലിക്കായി മന്ത്രിമാർക്കടക്കം അപേക്ഷ നൽകിയെങ്കിലും ഒന്നും സ്വീകരിക്കപ്പെട്ടില്ല. നീണ്ടുനോക്കിയിലെ കൂട്ടുങ്കൽ മാത്യു -ലിസി ദമ്പതികളുടെ മകൻ ടോണി മാത്യു പ്രാഥമിക വിദ്യാഭ്യാസ കാലം തൊട്ടേ സ്പോർട്സിൽ കൂടുതൽ അഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. മാത്യു പഴയകാല സ്കൂൾ മീറ്റ് ചാമ്പ്യനാണ്. ഏഴാം ക്ലാസ് വരെ തലക്കാണി ഗവ. യുപി സ്കൂളിൽ പഠിച്ച ടോണിയെ എട്ട് മുതൽ തിരുവനന്തപുരം ജി.വി. രാജയിൽ ചേർത്തു. 2008 മുതൽ 2014 വരെ അഞ്ചുവർഷം കേരള സ്കൂൾ അത്ലറ്റിക്സിൽ സ്വർണമെഡൽ നേടി.
എം.കെ. ജോസഫ് മെമ്മോറിയൽ മീറ്റ്, ജൂനിയർ ഫെഡറേഷൻ മീറ്റ്, സീനിയർ അത്ലറ്റിക് ഫെഡറേഷൻ മീറ്റ്, സ്കൂൾ മീറ്റ്, സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് മീറ്റ്, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി മീറ്റ്, നാഷനൽ ഇന്റർസോണൽ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്, നാഷനൽ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് തുടങ്ങിയവയിൽ പങ്കെടുത്ത് ചാമ്പ്യൻപട്ടവും സ്വർണമെഡലും നേടിയിട്ടുണ്ട്. ഇതിൽ 2013ൽ കൊച്ചിയിൽ നടന്ന 57ാമത് ജൂനിയർ ഫെഡറേഷൻ മീറ്റിൽ 800 ഗ്രാം ജാവലിൻ ത്രോയിൽ 55.72 മീറ്റർ എറിഞ്ഞ് മീറ്റ് റെക്കോഡോടെ സ്വർണമെഡൽ നേടി.
2018ൽ ജാവലിൻ ത്രോയോട് ഔദ്യോഗികമായി വിടപറഞ്ഞെങ്കിലും ക്ലബുകൾ വിളിക്കുന്ന മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിക്കൊടുത്ത് തിരിച്ചുവരുകയാണ് ടോണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.