ന്യൂഡൽഹി: 2003 ആഗസ്റ്റ് 30നാണ് പാരിസിൽ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് വനിത ലോങ് ജംപ് ഫൈനൽ നടക്കുന്നത്. യോഗ്യത റൗണ്ട് ഗ്രൂപ് ബിയിൽ 6.59 മീറ്റർ ചാടി മൂന്നാമതായെത്തിയ ഇന്ത്യയുടെ അഞ്ജു ബോബി ജോർജുമുണ്ട് മെഡൽ പോരാട്ടത്തിന്. ആദ്യ ശ്രമം 6.61, പിന്നെ രണ്ടെണ്ണം ഫൗൾ, പിന്നാലെ 6.56. അഞ്ചാം ചാട്ടം 6.70 മീറ്ററായതോടെ ഇന്ത്യൻ ക്യാമ്പിൽ സന്തോഷത്തിന്റെ അലയൊലികൾ കണ്ടു തുടങ്ങി. ആറാം ശ്രമത്തിൽ 6.62 മീറ്ററിൽ അഞ്ജു മത്സരം അവസാനിപ്പിച്ചു. ഫ്രാൻസിന്റെ യൂനിസ് ബാർബറിനും (6.99) തത്യാന കൊട്ടോവക്കും (6.74) പിന്നിൽ മൂന്നാമതായി മലയാളി താരം ചരിത്രത്താളുകളിലേക്ക്. അന്ന് നീരജ് ചോപ്രയുടെ പ്രായം അഞ്ച് വയസ്സാണ്. രാജ്യം മറ്റൊരു മെഡലിനായി കാത്തിരുന്നത് 19 കൊല്ലം.
1997 ഡിസംബർ 24ന് ഹരിയാനയിലെ ഖാന്ദ്ര ഗ്രാമത്തിൽ കർഷകകുടുംബത്തിലാണ് നീരജ് ചോപ്ര ജനിച്ചത്. അമിതഭാരമുള്ള കുഞ്ഞായിരുന്നതിനാൽ അവനെ കായിക മേഖലയിലേക്ക് പ്രോത്സാഹിച്ചു മാതാപിതാക്കൾ. ക്രിക്കറ്റും വോളിബാളും ആദ്യം കളിച്ചായിരുന്നു തുടക്കം. 14ാം വയസ്സിൽ ജാവലിനോട് കമ്പം തുടങ്ങി. ദേശീയ താരം ജയ് ചൗധരി വലിയ പ്രചോദനമായി. 2013ൽ അണ്ടർ 18 വിഭാഗത്തിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരമായി നീരജ്. 2015ൽ സീനിയർ വിഭാഗത്തിലും ഏറ്റവും മികച്ച താരം. പക്ഷേ നിർഭാഗ്യം വില്ലനായപ്പോൾ 2016ലെ റിയോ ഒളിമ്പിക്സ് യോഗ്യത ലഭിച്ചില്ല.
2016ന് ശേഷം 83 മീറ്റർ ദൂരം സ്ഥിരമാക്കി. ഇതേ വർഷം ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി. 2016ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലെ സ്വർണത്തോടെ ഇന്ത്യക്ക് ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ മെഡൽ ലഭിക്കുമെന്ന സൂചന നൽകിത്തുടങ്ങി നീരജ്. കോമൺവെൽത്ത് ഗെയിംസിലെയും ഏഷ്യൻ ഗെയിംസിലെയും സുവർണനേട്ടങ്ങൾ ഇതിന് ബലം കൂട്ടി. ടോക്യോ ഒളിമ്പിക്സ് ഫൈനലിലെ രണ്ടാം ശ്രമത്തിൽ എറിഞ്ഞ 87.58 മീറ്റർ, പൂ ചോദിച്ച രാജ്യത്തിന് പൂക്കാലം നൽകിയ പോലെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.