‘അധികമാരും ഇറങ്ങി ചെല്ലാത്തൊരു കായികയിനമാണ് കുതിര സവാരി. ഏറെ ശ്രമകരമായ കായിക മത്സരമായതുകൊണ്ടു തന്നെ ഈ രംഗത്ത് സ്ത്രീ പ്രാധിനിത്യവും കുറവാണ്. എന്നാൽ, അത്രയേറെ ജനകീയമല്ലാത്ത ഈ മത്സരത്തിലേക്ക് മലപ്പുറം ജില്ലയിലെ മുസ്ലിം കുടുംബത്തിൽനിന്നും ഒരു പെൺതരി ഉയർന്നുവന്നിരിക്കുന്നു. ധൈര്യവും ആത്മ വിശ്വാസവും കൈമുതലാക്കി കുതിരയോട്ട മത്സരത്തിൽ ഇന്ത്യക്കു വേണ്ടി ചരിത്രമെഴുതിയിരിക്കുകയാണ് മലപ്പുറത്തുകാരി നിദ അൻജും ചേലാട്ട്. ഗൾഫിലെ മണലാരണ്യത്തിൽ നിന്നും കുതിര സവാരിയിൽ ആർജ്ജിച്ചെടുത്ത കഴിവും വേഗതയും മെയ്വഴക്കവുമെല്ലാം ഫ്രാൻസിലെ കുതിര പാളയത്തിൽ പയറ്റിതെളിയിച്ച് ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയിരിക്കുന്നു നിദ.
യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ 21കാരി മാറ്റുരച്ചത്. വെറുമൊരു കുതിരയോട്ട മത്സരമല്ലായിരുന്നു അത്. 120 കിലോമീറ്റർ സാഹസിക പാതയിലൂടെ കുതിരയുമായി കുതിക്കണം. കാടും പുഴകളും പാറകെട്ടുകളുമുള്ള പാത ‘എപ്സിലോൺ സലോ’ എന്ന തന്റെ കുതിരപ്പുറത്തേറി നിദ പിന്നിട്ടു. അതോടെ പാരിസിൽ ഇന്ത്യൻ ദേശീയപതാക പാറിപറന്നു. മലപ്പുറം തിരൂർ സ്വദേശിയായ നിദ അൻജും ജനിച്ചതും വളർന്നതും പഠിച്ചതും കുതിര സവാരിയിൽ പരിശീലനം നേടിയതുമെല്ലാം ദുബൈയിലാണ്. റീജൻസി ഗ്രൂപ്പിന്റെ തലവനും ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ഉപാധ്യക്ഷനുമായ ഡോ. അൻവർ അമീൻ ചേലാട്ടിന്റെ മകളാണ് നിദ.
മലഞ്ചെരിവുകളും, ജലാശയങ്ങളും, കാനനപാതകളും നിറഞ്ഞ ചാമ്പ്യൻഷിപ്പിലെ ഓരോ ഘട്ടവും നിദയും കുതിരയും സഹിഷ്ണുതയോടെ മറികടന്നു. റൈഡറുടെ കായികക്ഷമതക്കൊപ്പം കുതിരയുടെ ആരോഗ്യവും പരിരക്ഷിക്കപ്പെടണം എന്നതാണ് ചാമ്പ്യൻഷിപ്പിന്റെ നിബന്ധന. കിലോമീറ്ററുകൾ ദൈർഘ്യമുള്ള മത്സരപാതയിൽ കുതിരക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം . 28.6, 29.2, 33.8, 28.6- എന്നിങ്ങനെ നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും.
ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ വലിയ വെല്ലുവിളി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കുതിര സവാരി മത്സരങ്ങളിൽ ഒന്നായ എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയതിലൂടെ നിദ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റൈഡർമാരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു. മുതിർന്നവരുടെ കുതിരയോട്ടത്തിൽ ഇനി നിദക്ക് കുതിക്കാനാവും.
ഒരു വർഷം മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കൃത്യമായ പരിശീലനവും ആത്മധൈര്യവും കുതിരയുടെയും റൈഡറുടെയും കായികക്ഷമതയും ആരോഗ്യവും പ്രധാനമാണ്. പേശികളുടെ ബലം വർധിപ്പിക്കുന്നതിനും മറ്റുമുള്ള വ്യായാമങ്ങൾ ചെയ്തിരുന്നു. ഒമ്പത് വയസ്സുകാരൻ കുതിരയെയും പരിശീലിപ്പിച്ചു. ട്രെയ്നർ ബോച്ചറുടെയും പേർസണൽ ട്രെയിനർ താക്കത്ത് സിങ് റാവുവിന്റേയും ഇടതടവില്ലാത്ത പരിശീലനവും അവർ തന്ന ആത്മ വിശ്വാസവുമാണ് നേട്ടത്തിന് കരുത്തായത്. സാഹസികതയും കുതിരകളോടുള്ള അഭിനിവേശവും സാഹസികതയോട് ചെറുപ്പം മുതലേ വല്ലാത്ത അഭിനിവേശമായിരുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന ലോക കുതിരയോട്ട മത്സരങ്ങളെല്ലാം ആദ്യം മുതലേ നേരിൽ കാണാനുള്ള സാഹചര്യമുണ്ടായതും ഈ രംഗത്തേക്ക് ആകൃഷ്ടയാക്കി . ഒമ്പതാം വയസ്സിൽ വിനോദ യാത്രക്കിടയിൽ ചെന്നൈ ബീച്ചിൽ നിന്നുമാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്.
അവിടെനിന്നാണ് കുതിരയെ മെരുക്കാനും സ്നേഹിക്കാനുമുള്ള താല്പര്യം തുടങ്ങിയത്. രക്ഷിതാക്കൾ അതിനുള്ള പ്രോത്സാഹനവും നൽകി. പന്ത്രണ്ടാം വയസ്സിലായിരുന്നു പ്രഫഷണൽ പരിശീലനം ആരംഭിച്ചത്. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഉടമസ്ഥതയിൽ മർമൂമിലെ കുതിരാലയത്തിലായിരുന്നു ആദ്യകാല പരിശീലനം. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അബൂദബി ബത്തീബ് റോസ്കോഴ്സ്സിൽ നടന്ന എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ വാൾ നേടിയാണ് ആദ്യ ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. ശൈഖ് ഹംദാൻ ബിൻ ഖലീഫ ആൽ നഹ്യാൻ ചാമ്പ്യൻഷിപ്പിലാണ് ടൂസ്റ്റാർ ജൂനിയർ വിഭാഗത്തിൽ വിജയിയായത്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി അൽ മുഹൈരിയാണ് ഗുരു.
കുതിരയോട്ട രംഗത്ത് കൂടുതൽ മുന്നേറുക എന്നുതന്നെയാണ് ലക്ഷ്യം. കുതിരയോട്ടവുമായി ബന്ധപ്പെട്ട് ഏതൊക്കെ മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളുമുണ്ടോ അവിടെയെല്ലാം ഇന്ത്യയുടെ പേരുണ്ടാവണമെന്നാണ് ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലാണ് നിദ. ഈ രംഗത്ത് താല്പര്യമുള്ള ഒട്ടേറെ പേരുണ്ട്. വേണ്ട പ്രോത്സാഹനം നൽകാനും മറ്റു സാഹചര്യങ്ങൾ ഒരുക്കാനും ആളുകളിലാത്തത്തിനാൽ പലരും ഈ കായികയിനത്തെ വേണ്ടെന്നു വെക്കുകയാണ് . ഈ രംഗത്തേക്ക് കൂടുതൽ ആളുകൾ കയറിവരേണ്ടതുണ്ട്. കൂടുതൽ ജനകീയമാക്കാൻ സംവിധാനങ്ങൾ വേണം.
ഹോഴ്സ് റൈഡർമാരുടെ ഒരു ഇന്ത്യൻ കൂട്ടായ്മ വളർത്തിയെടുക്കണമെന്നും നിദ ക്കു ലക്ഷ്യമുണ്ട് . അടുത്ത വർഷം സീനിയർ ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കുയാണ്. ഇനി അതിനുള്ള ഒരുക്കത്തിലാണ്. ഇത്ര ദൂരം പിന്നിടുക എന്നത് വെറും ഓട്ട മത്സരമല്ല. മനുഷ്യനും കുതിരയും തമ്മിലുള്ള വൈകാരികമായൊരു യാത്രയാണ് ഹോഴ്സ് റൈഡിങ് എന്നാണ് നിദ പറയുന്നത് . ഏറെ അപകട സാധ്യതയുള്ള ഒരു കായിക ഇനമാണെന്ന പേരിൽ ഇതിനെ മാറ്റി നിർത്തേണ്ടതില്ല. ഒന്ന് ശ്രമിച്ചാൽ ഏതൊരാൾക്കും ഈ രംഗത്ത് കഴിവ് തെളിയിക്കാനാവും. പിന്മാറില്ലെന്ന ഉറച്ച തീരുമാനമാണ് ഒരു റൈഡർക്ക് ആദ്യം വേണ്ടത്. ആത്മ വിശ്വാസവും വ്യക്തിത്വ വികസനത്തിനും ധൈര്യവും ഉയർത്താൻ പറ്റിയ ഒന്നാണ് കുതിര സവാരി യെന്നും നിദ പറയുന്നു.
ജീവകാരുണ്യ രംഗത്ത് കൈതാങ്ങാവാൻ വേണ്ടിയാണ് സാമൂഹികസേവനത്തിൽ ബിരുദമെടുത്തത്. മൂന്നു വർഷം മുമ്പ് അബൂദബിയിലെ കുതിരയോട്ട മല്സരത്തില് ലഭിച്ച സമ്മാന തുക കവളപ്പാറ,പാതാർ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് വീടുകൾ പണിതു നൽകാൻ നൽകി. അബൂദബിയിലെ കുതിരയോട്ട മല്സരത്തില് സമ്മാനം നേടിയതിനേക്കാള് വലിയ സന്തോഷമാണ് ദുരിത ബാധിതരുടെ പുതിയ വീടിന്റെ താക്കോല് കൈമാറിയ നിമിഷത്തിൽ തോന്നിയതെന്ന് നിദ പറയുന്നു. തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും മകളുടെ അഭിരുചിയെ പ്രോത്സാഹിപ്പിച്ച പിതാവ് അൻവർ അമീനിനും നിദയുടെ നേട്ടത്തിൽ പങ്കുണ്ട്. മകളുടെ സാഹസികതയ്ക്കൊപ്പംനിന്ന ഉമ്മ മിൻഹത്ത് അവളുടെ കരുത്താണ്. ദുബൈയിലെ പഠനത്തിന് ശേഷം യു.കെയിലെ ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദവും, ദുബൈ റാഫിൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐ.ബി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഡോ . ഫിദ അൻജും ചേലാട്ട് സഹോദരിയാണ്.
കുതിര സവാരിയിലെ ആഗോള സംഘനയായ ഇന്റർ നാഷണൽ ഫെഡറേഷൻ ഇക്വാസ്ട്രിയൻ സ്പോർട്സ് (എഫ്.ഇ.ഐ) ആണ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ. ദക്ഷിണ ഫ്രാൻസിലെ മനോഹര നഗരമായ കാസ്റ്റൽ സെഗ്രാറ്റിലെ കുതിര പാളയത്തിൽ 25 രാജ്യക്കാരായ 70 പേരിൽ ഏക ഇന്ത്യക്കാരിയായിരുന്നു നിദ. ഷിരോവസ്ത്ര മണിഞ്ഞ് ഹെൽമറ്റിലും ജഴ്സിയിലും ഇന്ത്യൻ പതാകയിലെ ത്രിവർണ്ണം ആലേഖനം ചെയ്താണ് നിദ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി മാറ്റുരച്ചത്. എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത പ്രാതിനിധ്യമറിയിക്കുന്നത്.
ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ടുവട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ലഭിക്കുക. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്. ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി. നിദയും കുതിരയും ആദ്യ ഘട്ടത്തിൽ 23ാംമതായും, രണ്ടാമത്തേതിൽ 26ാംമതായും, മൂന്നിൽ 24ാംമതായും, ഫൈനലിൽ 21ാമതായും നാലു ഘട്ടങ്ങൾ ഫിനിഷ് ചെയ്ത് ഇന്ത്യൻ പതാക പുതിയ കായിക ചരിത്രത്തിലേയ്ക്ക് ഉയർത്തി. മണിക്കൂറിൽ 16.7 കി.മീ വേഗത നിലനിർത്തി 7.29 മണിക്കൂർ മാത്രം സമയമെടുത്താണ് ചാമ്പ്യൻഷിപ്പ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.