നീരജ്​ ചോ​പ്ര കോച്ച്​ യുവേ ഹോണിനൊപ്പം

'പ്രകടനം പോര'; ഒളിമ്പിക്​സ്​ സ്വർണം നേടിയ നീരജ്​ ചോപ്രയുടെ കോച്ചിനെ പുറത്താക്കി ഇന്ത്യ

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ്​ ചോപ്രയുടെ പരിശീലക സംഘത്തിലുള്ള യുവേ ഹോണിനെ പുറത്താക്കി അത്​ലറ്റിക്​സ്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യ. 2017ലാണ്​ ജർമൻകാരനായ ഹോണിനെ ജാവലിൻ പരിശീലകനായി നിയമിക്കുന്നത്​. 2018ൽ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ സ്വർണ മെഡലുകൾ നേടിയപ്പോഴും ചോപ്രയുടെ പരിശീലകനായിരുന്നു ഹോൺ.

കഴിഞ്ഞദിവസങ്ങളിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അത്​ലറ്റുകളുടെയും പരിശീലകരുടെയും പ്രകടനം അവലോകനം ചെയ്​തിരുന്നു. അതിനുശേഷമാണ്​ ഹോണിനെ പുറത്താക്കാൻ തീരുമാനി​ച്ചതെന്ന്​ എ.എഫ്.ഐ പ്രസിഡന്‍റ്​ ആദില്ലെ സുമരിവല്ല പറഞ്ഞു. അതേസമയം, ഒളിമ്പിക് സ്വർണം നേടിയപ്പോൾ ചോപ്രയെ പരിശീലിപ്പിച്ച ബയോമെക്കാനിക്കൽ വിദഗ്ധനായ ക്ലോസ് ബാർട്ടോണിയറ്റ്സ് തൽസ്​ഥാനത്ത് തുടരും. 'ഞങ്ങൾ യുവേ ഹോണിനെ മാറ്റുകയാണ്. അദ്ദേഹത്തിന്‍റെ പ്രകടനം മികച്ചതല്ല. പകരം രണ്ട് പുതിയ കോച്ചുമാരെ കൊണ്ടുവരും' -ആദില്ലെ സുമരിവല്ല വ്യക്​തമാക്കി.

നീരജ്​ ചോപ്ര, ശിവ്പാൽ സിംഗ്, അനു റാണി എന്നിവരുൾപ്പെടെ ജാവലിൻ ത്രോവർമാർക്ക് ഹോണിനൊപ്പം പരിശീലിക്കാൻ താൽപ്പര്യമില്ലെന്ന് എ.എഫ്.ഐ ആസൂത്രണ കമീഷൻ മേധാവി ലളിത കെ. ഭാനോട്ട് കൂട്ടിച്ചേർത്തു. എന്നാൽ, മാസങ്ങൾക്ക്​ മുമ്പ്​ ഹോൺ ഫെഡറേഷനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ്​ ഇപ്പോൾ അദ്ദേഹത്തെ മാറ്റിയതെന്ന്​ വിമർശനമുണ്ട്​. മാത്രമല്ല, ഒളിമ്പിക്​ സ്വർണ​ം നേടിയശേഷം നീരജ്​ ചോപ്ര ഹോണിനെ പുകഴ്​ത്തുകയും ചെയ്​തിരുന്നു.

സ്​പോർട്​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയും (സായ്​) അത്​ലറ്റിക്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യയും (എ.എഫ്​.ഐ) ഒളിമ്പിക്​സിനായി​ ഒരുങ്ങാൻ വേണ്ടത്​ നൽകിയിട്ടില്ലെന്നാണ്​ ജൂ​ൺ 16ന്​ ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിൽ ഹോൺ പറഞ്ഞത്​.

'നീരജിന്​ യൂറോപ്പിൽ പരിശീലിക്കാൻ അവസരമൊരുക്കിയത്​ സ്വകാര്യ കമ്പനിയായ ജെ.എസ്​.ഡബ്ല്യൂ സ്​പോർട്​സ്​ ആണ്​. പാട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പോർട്​സിലെ സൗകര്യങ്ങൾ അപര്യാപ്​തമാണ്​. കടുത്ത ചൂടുകാരണം വൈകീട്ട്​ ആറിനുശേഷം മാത്രമേ അവിടെ പരിശീലിക്കാൻ പറ്റൂ.

നീരജ്​ യൂറോപ്പിലേക്ക്​ പരിശീലിക്കാൻ പോയതിൽ സായിക്കും എ.എഫ്​.ഐക്കും ഒരു പങ്കുമില്ല. താരങ്ങളെ ക്യാമ്പിനും മത്സരങ്ങൾക്കും ഒരുക്കാൻ​ വേണ്ടത്​ അവർ ചെയ്യുന്നില്ല. താരങ്ങൾക്ക്​ വേണ്ട ന്യൂട്രീഷ്യൻ ലഭ്യമാകില്ല. താനടക്കമുള്ളവരെ ബാക്കി ശമ്പളം നൽകില്ലെന്ന്​ ബ്ലാക്​മെയിൽ ചെയ്​താണ്​ കരാർ പുതുക്കിയത്​. ശമ്പളം വർധിപ്പിക്കാമെന്നത്​ വാഗ്​ദാനം മാത്രമായി. ഇന്ത്യൻ അത്​ലറ്റുകളെ സഹായിക്കണമെന്ന്​ കരുതുന്ന കോച്ചുമാരോട്​ ചെയ്യേണ്ടത്​ ഇങ്ങനെയല്ല' -ഹോൺ നിലപാട്​ തുറന്നടിച്ചിരുന്നു.

ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന റെക്കോർഡിനുടമായാണ്​ ഹോൺ. 1984 ജൂലൈ 20ന്​ ബെർലിനിൽ വെച്ചായിരുന്നു ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, രണ്ട് വര്‍ഷം മാത്രമേ ആ റെ​ക്കോഡ്​ നിലനിന്നുള്ളൂ. 1986ല്‍ ജാവലിന്‍റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റം വരുത്തിയതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരു​ത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചതോടെ​ ഹോണിന്‍റെ നേട്ടം റെക്കോഡ്​ പുസ്​തകത്തിൽനിന്ന്​​ പുറത്തായി​. 1986ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോ​ഗികമായി പരി​ഗണിക്കുന്നത്. 1992 മുതൽ തുടർച്ചയായ മൂന്ന്​ ഒളിമ്പിക്​സുകളിൽ ജാവലിനിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ചെക്ക്​ താരം ജാൻ സെലെസ്​നി 1996ൽ സ്​ഥാപിച്ച 98.48 മീറ്ററിന്‍റെ റെക്കോഡാണ്​ ഇന്നും ഈ ഇനത്തിൽ നിലനിൽക്കുന്നത്​.

1986നുശേഷം നടന്ന ഐ.എ.എഫ് ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും സ്വര്‍ണം നേടിയ ശേഷമാണ്​ ഹോൺ തന്‍റെ കരിയർ അവസാനിപ്പിക്കുന്നത്​. 1999ൽ അദ്ദേഹം പരിശീലകനായി. ചൈനീസ് ദേശീയ ചാമ്പ്യന്‍ ഷാവോ ക്വിന്‍ഗാങിന്‍റെ കോച്ചായിരുന്നു അദ്ദേഹം. പിന്നീടാണ്​ നീരജ് ചോപ്രയുടെ പരിശീലന ചുമതല ഏറ്റെടുക്കുന്നത​്​. 

Tags:    
News Summary - ‘Not performing well’; India fires Olympic gold medalist Neeraj Chopra's coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.