‘മാതാപിതാക്കളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമായി’; ആനന്ദ് മഹീന്ദ്രയുടെ സമ്മാനത്തിൽ പ്രതികരിച്ച് പ്രഗ്നാനന്ദ

ആനന്ദ് മഹീന്ദ്ര നൽകിയ വിലപ്പെട്ട സമ്മാനത്തിലൂടെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമായെന്ന് ഇന്ത്യൻ ചെസ്സിലെ താരോദയം ആർ. പ്രഗ്നാനന്ദ. ദിവസങ്ങൾക്ക് മുമ്പ് പ്രഗ്നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനോട് ടൈ ബ്രേക്കറിൽ പൊരുതി കീഴടങ്ങിയതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര 18കാരന് ഉപഹാരം നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം സമൂഹ മാധ്യമമായ എക്സിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

പലരും മഹീന്ദ്രയുടെ അഭിമാന വാഹനമായ ‘താർ’ സമ്മാനിക്കാനാണ് നിർദേശിച്ചതെങ്കിൽ തന്റെ മനസ്സിൽ മറ്റൊരു ആശയമാണ് തോന്നിയതെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. ‘കുട്ടികളെ ചെസ്സിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ രമേശ് ബാബു, നാഗലക്ഷ്മി എന്നിവർക്ക് എക്സ്.യു.വി 400 ഇലക്ട്രിക് വാഹനം സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. മകന്റെ അഭിനിവേശം പരിപോഷിപ്പിച്ചതിനും അവന് തളരാത്ത പിന്തുണ നൽകിയതിനും അവർ നന്ദി അർഹിക്കുന്നു’, അദ്ദേഹം കുറിച്ചു.

ഇതിനോട് പ്രതികരിച്ച് പ്രഗ്നാനന്ദയും രംഗത്തെത്തി. തന്റെ മാതാപിതാക്കളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇലക്ട്രിക് കാർ എന്നും ആ സ്വപ്നം യാഥാർഥ്യമായിരിക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര സാറിനോട് നന്ദി പറയാൻ വാക്കുകളില്ലെന്നും താരം എക്സിൽ കുറിച്ചു. ‘സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം’ എന്ന് ആനന്ദ് മഹീന്ദ്ര ഇതിന് മറുപടിയും നൽകി.  

Tags:    
News Summary - 'Parents' long dream come true'; Praggnanandhaa reacts to Anand Mahindra's gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.