ബംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത തണ്ടർ ബോൾട്ട്സ് പ്രൈം വോളി ലീഗിന്റെ രണ്ടാം സീസണിലും വിജയക്കുതിപ്പ് തുടരുന്നു. ബുധനാഴ്ച വൈകീട്ട് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്സിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് കൊൽക്കത്ത തകർത്തു.
സ്കോർ: 15-13, 15-7, 15-9, 15-12, 8-15. ഇതോടെ നാലു പോയന്റുമായി കൊൽക്കത്ത പോയന്റ് പട്ടികയിൽ മുന്നിലെത്തി. കൊൽക്കത്തയുടെ ആക്രമണങ്ങൾക്കു മുന്നിൽ ആദ്യ സെറ്റിൽ കടുത്ത പ്രതിരോധമുയർത്തിയ ഹൈദരാബാദ് പൊരുതിയാണ് കീഴടങ്ങിയത്. തിരിച്ചുവരവ് പ്രതീക്ഷിച്ച കാണികളെ നിരാശരാക്കി ഹൈദരാബാദ് അടുത്ത രണ്ടു സെറ്റും അനായാസം എതിരാളികൾക്ക് അടിയറവെച്ചു.
ക്യാപ്റ്റൻ ഗുരു പ്രശാന്തിന്റെയും മലയാളി താരങ്ങളായ ജോൺ ജോസഫിന്റെയും പ്രകടനം ഹൈദരാബാദിനെ രക്ഷിച്ചില്ല. കൊൽക്കത്ത നിരയിൽ വിനീത് കുമാറും കോഡി കാൾഡ് വെല്ലും ആഞ്ഞടിച്ചപ്പോൾ മലയാളിതാരം ജൻഷദും ക്യാപ്റ്റൻ അശ്വലും ദീപേഷും രാഹുലും കൊൽക്കത്തക്കായി മികച്ച കളി പുറത്തെടുത്തു.
ടീമിനായി 13 പോയന്റ് വാരിയ കൊൽക്കത്തയുടെ വിനീത് കുമാറാണ് കളിയിലെ താരം. നാണക്കേട് മായ്ക്കാൻ നാലാം സെറ്റിൽ താളം വീണ്ടെടുത്ത് ഹൈദരാബാദ് ഒന്നു പൊരുതിനോക്കിയെങ്കിലും 12 പോയന്റ് നേടാനേ ആയുള്ളൂ. കളി തൂത്തുവാരി ബോണസ് പോയന്റ് പിടിക്കാമെന്ന കൊൽക്കത്തയുടെ പ്രതീക്ഷയെ തകർത്ത് അഞ്ചാം സെറ്റിൽ ഹൈദരാബാദ് തിരിച്ചുവന്നു.
ട്രെന്റ് ഒഡേ നാലു പോയന്റ് സമ്മാനിച്ച അവസാന സെറ്റിൽ എതിരാളികളെ എട്ടിലൊതുക്കി ഹൈദരാബാദ് ജയം വരുതിയിലാക്കി വിലപ്പെട്ട ഒരു പോയന്റ് നേടി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ബംഗളൂരു ടോർപിഡോസ് അഹ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. ആദ്യ മത്സരത്തിൽ പരാജയം രുചിച്ച ഇരു ടീമിനും ആദ്യ വിജയത്തോടെ പ്രതീക്ഷ നിലനിർത്തുകയാണ് ലക്ഷ്യം.
ബംഗളൂരു കൊൽക്കത്തയോടും അഹ്മദാബാദ് ഹൈദരാബാദിനോടുമാണ് ഒരേ സെറ്റ് മാർജിനിൽ കഴിഞ്ഞ കളിയിൽ തോൽവി ഏറ്റുവാങ്ങിയത്. ലീഗിലെ മികച്ച സെറ്റർമാരാണ് ഇരുടീമിന്റെയും കരുത്ത്. ബംഗളൂരു നിരയിൽ വിനായക് രോകഡെയും അഹ്മദാബാദ് നിരയിൽ അശ്വത് പാണ്ഡ്യരാജുമാണ് സെറ്റർമാരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.