ഹൈദാരാബാദ്: അവസാന പോയിന്‍റ് വരെ നാടകീയതയും അത്യാവേശവും നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിലെ നാലാം മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും തണ്ടര്‍ബോള്‍ട്ട്‌സ് നേടിയപ്പോള്‍ രണ്ടും നാലും സെറ്റുകള്‍ വിജയിച്ച് കാലിക്കറ്റ് കരുത്തോടെ തിരിച്ചുവന്നു. അഞ്ചാം സെറ്റില്‍ കാലിക്കറ്റ് വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സൂപ്പര്‍പോയിന്‍റിലൂടെ ഒപ്പമെത്തിയ കൊല്‍ക്കത്ത, ക്യാപ്റ്റന്‍റെ മികവുറ്റ പ്രകടനത്തില്‍ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 13-15, 15-12, 10-15, 15-12, 13-15. കൊല്‍ക്കത്തയ്ക്കായി നായകന്‍റെ കളി പുറത്തെടുത്ത അശ്വല്‍ റായി കളിയിലെ താരമായി.
ആദ്യസെറ്റില്‍ 5-2ന് ലീഡ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ക്യാപ്റ്റന്‍ അശ്വല്‍ റായി മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ജെറോം വിനിത് കാലിക്കറ്റ് ഹീറോസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 10-11ന് മുന്നില്‍ നില്‍ക്കെ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്‍റ് വിളിച്ചു. ലീഡ് 10-13 ആയി. കാലിക്കറ്റ് തുടരെ രണ്ടു പോയിന്‍റുകള്‍ നേടി ഒപ്പമെത്താന്‍ ശ്രമിച്ചെങ്കിലും മികച്ച അറ്റാക്കിങിലൂടെ 15-13ന് കൊല്‍ക്കത്ത ആദ്യ ലീഡ് സ്വന്തമാക്കി. രണ്ടാം സെറ്റിലും തണ്ടര്‍ബോള്‍ട്ട് ആധിപത്യം തുടര്‍ന്നു. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്‍റ് കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു (12-9). വിനിത്, അജിത്‌ലാല്‍ സി എന്നിവരുടെ അസാമാന്യ സ്‌പൈക്കുകളുടെ സഹായത്തില്‍ 15-12ന് രണ്ടാം സെറ്റ് നേടി ഹീറോസ് കളിയിലേക്കും തിരിച്ചെത്തി.
രാഹുലിന്‍റെ മികച്ച പ്രകടനം മൂന്നാം സെറ്റില്‍ കൊല്‍ക്കത്തക്ക് 5-4ന്റെ ലീഡ് നല്‍കി. വൈകാതെ ഹീറോസ് സ്‌കോര്‍ സമനിലയിലാക്കി. മുഹമ്മദ് റിയാസുദീന്റെ തകര്‍പ്പന്‍ ബ്ലോക്കും അശ്വലിന്റെ സ്‌പൈക്കും കൊല്‍ക്കത്തയെ 12-9 എന്ന സ്‌കോറിലെത്തിച്ചു. നിര്‍ണായക സൂപ്പര്‍ പോയിന്റിലൂടെ ഇരട്ട പോയിന്റുകള്‍ക്കൊപ്പം 10-15ന് കൊല്‍ക്കത്ത മൂന്നാം സെറ്റ് നേടി. നാലാം സെറ്റില്‍ 2-0ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസ് അതിവേഗം കുതിച്ചു. സ്‌കോര്‍ 8-3ല്‍ നില്‍ക്കെ സൂപ്പര്‍പോയിന്റ് വിളിച്ച് കൊല്‍ക്കത്ത ഹീറോസിന്റെ ലീഡ് മൂന്ന് പോയിന്റാക്കി കുറച്ചു. കൊല്‍ക്കത്ത തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഹീറോസിന്റെ പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. സൂപ്പര്‍ബ്ലോക്കിലൂടെ 15-12ന് നാലാം സെറ്റ് നേടിയ കാലിക്കറ്റ് വിജയ നിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിലും കാലിക്കറ്റ് സ്‌കോര്‍ബോര്‍ഡ് തുറന്നു. 4-4വരെ സമനിലയായെങ്കിലും മികച്ച ബ്ലോക്കിലൂടെ കാലിക്കറ്റ് 7-4ന് ലീഡ് നേടി. 11-8ല്‍ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്റ് വിളിച്ച് ലീഡ് കുറച്ചു. അശ്വല്‍ റായിയുടെ പ്രകടനം 12-12ന് ഒപ്പമെത്താന്‍ തണ്ടര്‍ബോള്‍ട്ട്‌സിനെ സഹായിച്ചു. ഇരുടീമുകളും ഓരോ പോയിന്റ്് വീതം നേടി. 13-13ല്‍ അശ്വലിലൂടെ കൊല്‍ക്കത്തക്ക് ലീഡ്. അശ്വലിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ സെറ്റും മത്സരവും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് സ്വന്തമാക്കി.
റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.