ബംഗളൂരു: പ്രൈം വോളിബാൾ ലീഗിലെ അഞ്ചാം മത്സരത്തിൽ ചാമ്പ്യൻ ടീം കൊൽക്കത്ത തണ്ടർ ബോൾട്ട്സ് ഹൈദരാബാദ് ബ്ലാക്ഹോക്സിനെ നേരിടും. ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും തുടർവിജയവുമായി പോയന്റ് പട്ടികയിൽ ലീഡ് പ്രതീക്ഷിച്ചിറങ്ങുമ്പോൾ മത്സരം കനക്കും.
ഉദ്ഘാടന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ബംഗളൂരു ടോർപിഡോസിനെ മറികടന്നാണ് കൊൽക്കത്തയുടെ വരവ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ അഹ്മദാബാദ് ഡിഫൻഡേഴ്സിനെ ഇതേ മാർജിനിൽ വീഴ്ത്തിയാണ് ഹൈദരാബാദ് ശക്തി തെളിയിച്ചത്. കൊൽക്കത്തയുടെ പരിചയസമ്പത്തിനുമേൽ ഹൈദരാബാദിന്റെ യുവതുർക്കികൾ വെന്നിക്കൊടി പാറിക്കുമോ എന്ന് കളത്തിൽ കണ്ടറിയാം.
ആദ്യ മത്സരത്തിൽ തങ്ങളുടെ എതിരാളികളായിരുന്ന അഹ്മദാബാദ് നല്ല പരിചയസമ്പത്തുള്ള ടീമായിട്ടും തന്റെ ശിഷ്യർ മികച്ച പ്രകടനം പുറത്തെടുത്തത് ചൂണ്ടിക്കാട്ടിയ ഹൈദരാബാദ് കോച്ച് ടോം ജോസഫ്, കനത്ത പോരാട്ടം തന്നെ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞു.
മികച്ച ഫോമിലുള്ള ഗുരു പ്രശാന്ത് നയിക്കുന്ന ടീമിൽ വിദേശ താരങ്ങളായ ആൻഡ്രൂ സമോറിന്റെയും ട്രെന്റ് ഒഡിയയുടെയും സാന്നിധ്യം നിർണായകമാവും. മലയാളി താരങ്ങളായ ലാൽ സുജൻ, ജോൺ ജോസഫ്, കെ. ആനന്ദ് എന്നിവർ അഹ്മദാബാദിനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്.
ആദ്യ ജയത്തോടെ ടീം ആത്മവിശ്വാസത്തിലാണെന്നും സമ്മർദമില്ലാതെയാണ് തങ്ങൾ ഹൈദരാബാദിനെ നേരിടാനിറങ്ങുന്നതെന്നും കൊൽക്കത്തയുടെ മലയാളി താരം യു. ജൻഷാദ് പറഞ്ഞു. തുടക്കം മുതൽ ആക്രമിച്ചുകളിക്കുമെന്നും എതിരാളികൾ യുവതാരങ്ങളായാൽ പിഴവുകൾക്ക് സാധ്യതയുണ്ടെന്നും അതു മുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ കളിയിലെ താരമായിരുന്നു ജൻഷാദ്. മറ്റൊരു മലയാളി താരം രാഹുലും വിദേശതാരം കോഡിയും നല്ല ഫോമിലാണ്. കൊൽക്കത്തക്കും ഹൈദരാബാദിനും രണ്ട് പോയന്റ് വീതമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.