ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസൺ ആരംഭിക്കാൻ പോകുകയാണ്. സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റുകൾക്ക് തുടക്കമാകും. ടെസ്റ്റ് പരമ്പരകൾ ആരംഭിക്കാനിരിക്കെ ടീമിലേക്ക് എത്താനുള്ള യുവതാരങ്ങൾക്കുള്ള മികച്ച അവസരമായിരിക്കുമിത്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യൻ സെലക്ടർമാർക്ക് വെല്ലുവിളിയുയർത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാടിന്‍റെ യുവ സ്പിൻ ബൗളർ സായ് കിഷോർ.
ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടാൻ താൻ യോഗ്യനാണെന്നാണ് സായ് കിഷോർ പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് താനെന്നും കിഷോർ വിശ്വസിക്കുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുലീപ് ട്രോഫിയിൽ ടീം ബിയിലാണ് കിഷോറിന്‍റെ സ്ഥാനം. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ എന്നിവരും അദ്ദേഹത്തിനൊപ്പം ടീം ബിയിലുണ്ട്.
'എനിക്ക് ഇപ്പോൾ ഒരുപാട് ആത്മവിശ്വാസമുണ്ട് കാരണം ഞാൻ അത്രയും ട്രെയ്ൻ ചെയ്തിട്ടുണ്ട്. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് ട്രെയിനിങ്ങും അതിന് ശേഷം ബൗളിങ്ങുമെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ഇത് കുറച്ച് നേരത്തെ ചെയ്യേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഐ.പി.എൽ സമയത്ത് എനക്ക് സമയം കിട്ടിയില്ല. ടി.ൻ.പി.എല്ലിന് ശേഷം ലഭിച്ച 20 ദിവസത്തെ ബ്രേക്ക് ഞാൻ മികച്ച രീതിയിൽ ഉപയോഗിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്.
എന്നെ ടെസ്റ്റ് മത്സരങ്ങൾക്ക് കൊണ്ട് പോകൂ, ഞാൻ തയ്യാറാണ്. എനിക്കിപ്പോൾ വലിയ ആശങ്കകളൊന്നുമില്ല. ജഡേജ അവിടെയുണ്ടാകും അദ്ദേഹവത്തോടൊപ്പം ഞാൻ ഇതുവരെ കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ ഞാൻ ജഡ്ഡുവിനൊപ്പം സി.എസ്.കെയിലുണ്ടായിരുന്നു. എന്നാൽ ചുവന്ന പന്തിൽ ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പം കളിച്ച് പരിചയസമ്പത്തുണ്ടാക്കുന്നത് നല്ല കാര്യമായിരിക്കും. ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ ഞാൻ ആത്മവിശ്വാസത്തിലാണ് അതുപോലെ എപ്പോഴത്തേക്കാൾ കൂടുതൽ തയ്യാറുമാണ്,' സായ് കിഷോർ പറഞ്ഞു.
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ബംഗ്ലദേശ് പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കാൻ ദുലീപ് ട്രോഫി പ്രകടനം പ്രധാന പങ്കുവഹിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.