കുന്നംകുളം: 65ാമത് സ്കൂൾ ജില്ല കായികോത്സവത്തിന്റെ രണ്ട് ദിനങ്ങൾ പിന്നിട്ടപ്പോൾ തൃശൂർ ഈസ്റ്റ് ഉപജില്ല കിരീടത്തിലേക്ക് കുതിക്കുന്നു. 121.5 പോയന്റോടെയാണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. 116 പോയന്റ് നേടി ചാലക്കുടി രണ്ടാം സ്ഥാനത്തും 78 പോയന്റ് നേടി മാള മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കുന്നംകുളം ഉപജില്ല 55 പോയന്റേടെ നാലാം സ്ഥാനത്തുണ്ട്. ഇതിനോടകം 64 ഇനങ്ങളാണ് പൂർത്തിയായത്. 26 ഇനങ്ങളാണ് ശേഷിക്കുന്നത്.
സ്കൂൾ തലത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ 50.5 പോയന്റ് നേടി മുന്നിലാണ്. ഏഴ് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും സ്വന്തം. കുന്നംകുളം ഉപജില്ലയിലെ പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ 37 പോയന്റോടെയും 31 പോയന്റ് നേടി ചാലക്കുടി കാർമൽ സ്കൂളും തൊട്ടുപിന്നിലായി കുതിക്കുന്നുണ്ട്.
മൂന്നു ദിവസങ്ങളിലായി നീണ്ട മേള ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി സമ്മാന വിതരണം നടത്തും.
കുന്നംകുളം: സീനിയർ വിഭാഗത്തിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട സ്വർണങ്ങൾ ഇക്കുറി നേടുമെന്ന സ്വപ്നമാണ് അനീറ്റ ഇരട്ട സ്വർണത്തിലൂടെ സാക്ഷാത്കരിച്ചത്. സിന്തറ്റിക് മൈതാനത്തിലെത്തിയ ഈ താരത്തിന് ഇരട്ട സ്വർണത്തിനുപുറമെ ഒരു വെള്ളിയും കൂടി നേടാനായി. ലോങ്ജംപ്, ട്രിപ്പിൾജംപ് എന്നിവയിൽ ഒന്നാമതെത്തിയപ്പോൾ ഹൈജംപിലാണ് രണ്ടാംസ്ഥാനം. ലോങ്ജംപിൽ 4.51 മീറ്റർ, ട്രിപ്പിൾജംപിൽ 9.61 മീറ്റർ നീളത്തിലുമായിരുന്നു കുതിച്ചത്.
കഴിഞ്ഞ തവണ റവന്യൂ മേളയിൽ ഹൈജംപിൽ വെള്ളി നേടിയ അനീറ്റ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച് ആറാം സ്ഥാനക്കാരിയായി. ജൂനിയർ വിഭാഗത്തിൽ ലോങ്ജംപ്, ട്രിപ്പിൾജംപ് എന്നിവയിൽ സംസ്ഥാന മേളയുടെ ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസുമുതൽ പരിശീലനം നേടിയ അനീറ്റ റവന്യൂ മേളയിൽ എത്തുന്നത് പത്താംതരത്തിൽ പഠിക്കുമ്പോഴായിരുന്നു. കൊടുങ്ങല്ലൂർ സ്പോർട്സ് അക്കാദമിയിലെ അധ്യാപകൻ ബെറ്റോയുടെ പരിശീലനത്തിലാണ് ഹൈജംപിൽ മത്സര രംഗത്തേക്കിറങ്ങിയത്.
ആഴ്ചകൾക്ക് മുമ്പുനടന്ന അത്ലറ്റിക് മീറ്റിലും ഹൈജംപിൽ മികവ് തെളിയിച്ചു. സ്കൂൾ, കോളജുതലത്തിൽ പലതവണ ഓട്ടക്കാരിയായി വിജയം നേടിയ അമ്മ സിന്ധുവിന്റെ പ്രോത്സാഹനവും പരിചയസമ്പന്നതയും അനീറ്റക്ക് വിജയം നേടുന്നതിൽ മുതൽ കൂട്ടായി. പുത്തൻചിറ ജി.എച്ച്.എസ് സ്കൂൾ പ്ലസ് ടു ബയോസയൻസ് വിദ്യാർഥി നിയാണ്. പിതാവ്: മാള കൊമ്പത്തുകടവ് പടമാട്ടുമൽ വീട്ടിൽ ഐറിഷ്.
കുന്നംകുളം: കാലിലേറ്റ മുറിവിന്റെ കടുത്ത വേദനയിലും മനസ്സാന്നിധ്യം ചോരാതെ ഉയരങ്ങളിലേക്ക് കുതിച്ചപ്പോൾ കെ.ബി. മിത്രക്ക് അണിയാനായത് സ്വർണ മെഡൽ. ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഹൈജംപിലാണ് ഒന്നാമതായത്. കഴിഞ്ഞ ദിവസം നടന്ന 100 മീറ്റർ റിലേ ഓട്ടത്തിനിടയിലാണ് കാലിടറി പേശിക്ക് ക്ഷതമേറ്റത്.
ലോങ് ജംപ് കഴിഞ്ഞ് ഉടനെ ഓട്ടത്തിൽ പങ്കെടുത്തതാണ് അപകടത്തിന് കാരണമായത്. 1.35 മീറ്റർ ഉയരത്തിലാണ് ചാടിയതെങ്കിലും മികച്ച നിലവാരം പുലർത്താനാകാത്തതിലും ഖേദമുണ്ട്. കഴിഞ്ഞ തവണ ഹൈജംപിൽ 1.45 ചാടിയാണ് സ്വർണമണിഞ്ഞത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജില്ലതലത്തിൽ ആദ്യ സ്വർണം നേടുന്നത്. ഇതോടെ മൂന്നാം തവണയും ഒന്നാമതായി.
സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണ നാലാം സ്ഥാനം ലഭിച്ചിരുന്നു. പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസുകാരിയാണ്. കായികാധ്യാപകൻ ആന്റോയാണ് പരിശീലകൻ. ഓട്ടോ ഡ്രൈവറായ മരത്തംകോട് കൈമാപറമ്പിൽ ബാബു -ബിജി ദമ്പതികളുടെ മകളാണ്. സഹോദരൻ അരുൺ ജാവലിങ് ത്രോയിൽ ഡി സോൺ തലത്തിൽ സ്വർണം നേടിയിട്ടുണ്ട്.
കുന്നംകുളം: വീട്ടുമുറ്റം കളിക്കളമാക്കി അച്ഛന്റെ പരിശീലനത്തിൽ കർണൻ നേടിയത് ഇരട്ടസ്വർണം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിലൂടെയാണ് ഇരട്ട കിരീടം ചൂടിയത്. വല്ലച്ചിറ സെന്റ് തോമസ് എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കർണന് പുളിക്കൽ വീട്ടിൽ സുനിൽ കുമാർ വീട്ടുമുറ്റത്തെ കളിയിടത്തിൽ പരിശീലകനും വീട്ടിനുള്ളിൽ പിതാവുമാണ്.
കൂലിവേല ചെയ്ത് ജീവിക്കുന്ന ഈ കുടുംബം ഓടുമേഞ്ഞ കൊച്ചു കൂടാരത്തിലാണ് താമസം. സുനിൽ കുമാറിന്റെ മക്കളായ ഇരട്ട സഹോദരങ്ങളാണ് കർണനും കിരണും. കിരണും കായിക താരമാണ്. 110 ഹർഡിൽസ്, ട്രിപ്പിൾ ജംപ്, 3000 മീറ്റർ ഓട്ടം എന്നിവയിൽ മാറ്റുരച്ചെങ്കിലും ട്രിപ്പിൾ ജംപിൽ അഞ്ചാം സ്ഥാനത്തെത്താനായി. വല്ലച്ചിറ ഗ്രാമത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കായികോത്സവത്തിലൂടെയാണ് ഇരട്ട സഹോദരങ്ങൾ പിതാവിന്റെ പരിശീലനത്തിലൂടെ കായിക താരങ്ങളാകുന്നത്.
എല്ലാദിവസവും രാവിലെ ആറ് മുതൽ 7.30 വരെയാണ് വീടിന്റെ ഒരുവശത്ത് ഒരുക്കിയ കളിക്കളത്തിൽ മക്കൾക്ക് സുനിൽകുമാർ പരിശീലകനാകുന്നത്. കഴിഞ്ഞ തവണയാണ് ആദ്യമായി ട്രിപ്പിൾ ജംപിൽ കർണന് സംസ്ഥാന മേളക്ക് പങ്കെടുക്കാനായത്. മക്കളുടെ സുഹൃത്തുക്കളും സൗജന്യ പരിശീലനത്തിന് വീട്ടിൽ എത്തുന്നുണ്ട്.
ചെറുപ്പം മുതൽ അഭ്യസിച്ച അറിവാണ് പരിശീലനത്തിലൂടെ മക്കൾക്ക് പകർന്നു കൊടുക്കുന്നതെന്ന് സുനിൽകുമാർ വ്യക്തമാക്കി. വാഹനങ്ങളുടെ ചെറിയ രൂപങ്ങൾ കരവിരുതിലൂടെ മെനയുന്നതും സുനിലിന്റെ മറ്റൊരു മികവാണ്.
ഭാര്യ സിമിയും ഒരു കലാകാരിയാണ്. ഓടുമേഞ്ഞ കൊച്ചുകൂടാരത്തിൽ കഴിയുന്ന ഈ കുടുംബത്തിന് ഇനിയും ജീവിതത്തിൽ സമ്പാദിച്ചുകൂട്ടാനുള്ളത് മികച്ച കായികസ്വപ്നങ്ങളാണ്. സുനിലിന്റെ സഹോദരൻ വിപിനും ഇവർക്കൊപ്പം എല്ലാ മേളകളിലും സന്തത സഹചാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.