ബാങ്കോക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മെഡൽപ്പട്ടികയിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. പുരുഷന്മാരുടെ 10,000 മീറ്റർ നടത്തത്തിൽ അഭിഷേക് പാൽ വെങ്കലം നേടി. ജപ്പാന്റെ റെൻ ടസാവക്കും (29.18.44) കസാഖ്സ്താന്റെ കൊയേഷ് കിമുതായ് ഷദ്റാക്കിനും (29:31.63) പിന്നിൽ 29 മിനിറ്റ് 33.26 സെക്കൻഡിലാണ് അഭിഷേക് ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യക്കാരൻ ഗുൽവീർ സിങ് അഞ്ചാമനായി. മെഡൽപ്രതീക്ഷയായിരുന്ന ഒളിമ്പ്യൻ അന്നു റാണിക്ക് വനിത ജാവലിൻത്രോയിൽ നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ തവണത്തെ വെള്ളി ജേത്രിയാണ് അന്നു. വനിതകളുടെ 1500 മീറ്ററിൽ ലിലി ദാസ് ഏഴാമതായി.
അതേസമയം, പുരുഷന്മാരുടെ 400 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അജ്മലും രാജേഷ് രമേഷും ഫൈനലിലെത്തി. ഹീറ്റ്സിൽ ഇരുവരും യഥാക്രമം 45.75ഉം 45.91ഉം സെക്കൻഡിലാണ് ഓടിയെത്തിയത്. വനിതകളിൽ ഐശ്വര്യ മിശ്രയും (53.58) ഫൈനലിൽ പ്രവേശിച്ചു. ഡെക്കാത്ലണിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കർ ആദ്യ ദിനം പൂർത്തിയാവുമ്പോൾ 4124 പോയന്റുമായി ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.