കുന്നംകുളം: 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിങ്കളാഴ്ച കുന്നംകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ തുടക്കമാകുമെന്ന് സംഘാടകസമിതി ചെയർമാൻ എ.സി. മൊയ്തീൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവസാനഘട്ട ഒരുക്കവും പൂർത്തീകരിച്ചതായി എം.എൽ.എ വ്യക്തമാക്കി. മേളയോടനുബന്ധിച്ച് ദീപശിഖ പ്രയാണം തിങ്കളാഴ്ച രാവിലെ 8.30ന് തൃശൂർ തേക്കിൻകാട് മൈതാനത്തുനിന്ന് ആരംഭിക്കും.
മന്ത്രി ഡോ. ആർ. ബിന്ദു ദീപശിഖ മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയന് കൈമാറി ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ സ്കൂളുകളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് വേദിയാകുന്ന കുന്നംകുളത്ത് എത്തും.
അന്നേ ദിവസം രാവിലെ മുതൽ ബഥനി സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് മത്സരങ്ങൾക്ക് തുടക്കമാകും. ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. വൈകീട്ട് 3.30ന് കുട്ടികളുടെ മാർച്ച്പാസ്റ്റും ദീപശിഖ തെളിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും. സ്കൂൾ കായികമാമാങ്കം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിനുശേഷം വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. അഞ്ച് ദിവസം നീളുന്ന മേളയുടെ സമാപനം വെള്ളിയാഴ്ച നാലിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കായികമന്ത്രി വി. അബ്ദുറഹിമാൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
15 വർഷത്തെ ഇടവേളക്കുശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. ആറ് വിഭാഗങ്ങളിലായി 3000 ത്തിൽപരം മത്സരാർഥികൾ കായികമേളയിൽ മാറ്റുരക്കും. മുന്നൂറ്റമ്പതോളം ഒഫിഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ മേളയിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായാണ് മത്സരങ്ങൾ നടത്തുക. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ.
വാർത്തസമ്മേളനത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഷൈൻ കുമാർ, സ്പോർട്സ് ഓർഗനൈസിങ് സെക്രട്ടറി എൽ. ഹരീഷ് ശങ്കർ, വിദ്യാഭ്യാസ ഉപഡയറക്ടർ (ഇൻ ചാർജ്) ബാബു എം. പ്രസാദ്, ജില്ല സ്പോർട്സ് കോഓഡിനേറ്റർ എ.എസ്. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച മുന്നേറ്റത്തിനായുള്ള തയാറെടുപ്പിൽ ആതിഥേയ ജില്ല. മേളയിലെ 98 ഇനങ്ങളിലും പങ്കെടുക്കുന്ന 214 കായിക താരങ്ങളും കഠിന പരിശീലനത്തിലാണ്. 105 പെൺകുട്ടികളും 109 ആൺകുട്ടികളുമാണ് ജില്ലക്കായി കളത്തിലിറങ്ങുന്നത്.
ജില്ലയിലെ കായിക വികസന പദ്ധതികളിൽനിന്നുള്ള ഊർജം ഉൾക്കൊണ്ടാണ് ഇത്തവണ താരങ്ങൾ ട്രാക്കിലെത്തുന്നത്. ജില്ല സ്കൂൾ കായികമേള നടന്ന സിന്തറ്റിക് ട്രാക്കിൽ മികവ് പ്രകടിപ്പിച്ചതിന്റെ ആവേശത്തിലാണ് താരങ്ങൾ വീണ്ടും കുന്നംകുളത്തെത്തുന്നത്.
കഴിഞ്ഞ വർഷം ആറാം സ്ഥാനമായിരുന്നു ജില്ലക്ക്. ജംപിങ്, ട്രാക്ക് എന്നിവയില്‍ മികച്ച മുന്നേറ്റം നടത്തി ഇത്തവണ 100 പോയന്റ് കടക്കാമെന്ന പ്രതീക്ഷയിലാണ് മാനേജർമാർ. ഡെപ്യൂട്ടി ഡയറക്ടർ ഇൻ-ചാർജ് ബാബു എം. പ്രസാദ്, ജില്ല സ്പോർട്സ് കോഓഡിനേറ്റർ എ.എസ്. മിഥുൻ, റവന്യൂ സെക്രട്ടറി ഗിറ്റ്സൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് താരങ്ങൾ മേളക്കെത്തുന്നത്. മൂന്നു ദിവസങ്ങളിലായി ട്രാക്കിൽ നിരന്തര പരിശീലനത്തിലാണ് കായികതാരങ്ങൾ. ഞായറാഴ്ച മോട്ടിവേഷൻ ക്ലാസുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ടി ഷർട്ടും നൽകും.
കുന്നംകുളം: സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് താമസ സൗകര്യം ഒരുക്കുന്ന അക്കോമഡേഷൻ കേന്ദ്രങ്ങൾ ടി.എൻ. പ്രതാപൻ എം.പി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.
1500 പെൺകുട്ടികൾക്ക് താമസ സൗകര്യം ഒരുക്കുന്ന ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികളുടെയും ശൗചാലയങ്ങളുടെയും സൗകര്യങ്ങൾ എം.പി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
താമസസൗകര്യം ഒരുക്കിയ കേന്ദ്രങ്ങളിലെ വെള്ളത്തിന്റെ ബുദ്ധിമുട്ട് കമ്മിറ്റി ചെയർമാൻ ലെബീബ് ഹസൻ, ജനറൽ കൺവീനർ ഷാഹിദ റഹ്മാൻ എന്നിവർ എം.പിയുടെ ശ്രദ്ധയിൽപെടുത്തി.
ആവശ്യമായ വെള്ളം വാട്ടർ അതോറിറ്റി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളം താമസകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ടാങ്കർ ലോറികൾ എം.പി ഇടപെട്ട് ഒരുക്കി. വലപ്പാട്ടെ പ്രവാസി വ്യവസായി സി.പി. സാലിഹുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാർഥമുള്ള സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലെ രണ്ട് ടാങ്കർ ലോറികളും അത്യാവശ്യഘട്ടങ്ങളിൽ താമസ സൗകര്യം ഒരുക്കിയ കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസിന്റെ സേവനവും സൗജന്യമായി വിട്ടുനൽകാൻ തയാറാണെന്ന് സി.പി. സാലിഹ് അറിയിക്കുകയായിരുന്നു.
എം.പി പിന്നീട്, മത്സരങ്ങൾ നടക്കുന്ന സിന്തറ്റിക് ട്രാക്കും സന്ദർശിച്ചു. സ്പോർട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ, എ.ഡി.പി.ഐ എം.കെ. ഷൈൻ മോൻ, ഡി.ഡി.ഇ ഇൻ ചാർജ് ബാബു മഹേശ്വരി പ്രസാദ്, എ.ഇ.ഒ എ. മൊയ്തീൻ എന്നിവർ കലാമേളയുടെ ഒരുക്കം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കെ. ജയശങ്കർ, നഗരസഭ കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, മിനി മോൺസി, മിഷ സെബാസ്റ്റ്യൻ, അധ്യാപക സംഘടന നേതാക്കളായ കെ.സി. റെജി, ടി.യു. ജയ്സൺ, കെ. ശ്രീവത്സ പ്രസാദ്, സി.ആർ. പ്രദീപ്, പി.എം. ഫ്രാൻസിസ് എന്നിവർ എം.പിക്കൊപ്പം ഉണ്ടായിരുന്നു.
പുതിയ സിന്തറ്റിക് ട്രാക്കിൽ മുണ്ട് മടക്കിക്കുത്തി ഓടിയശേഷമാണ് ടി.എൻ. പ്രതാപൻ എം.പി മടങ്ങിയത്. 1976ൽ തളിക്കുളം ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇതേ ഗ്രൗണ്ടിൽ നടന്ന ജില്ല കായികമേളയിൽ 100, 200 മീറ്റർ റിലേ ഓട്ടമത്സരങ്ങളിലും ജാവലിൻ ത്രോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്ന കുന്നംകുളം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ കായികതാരങ്ങളുടെ പരിശീലനം തകൃതി. ട്രാക്കിനെ പരിചയപ്പെടുത്തി മത്സരത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് രണ്ടുദിവസം മുമ്പുതന്നെ തയാറെടുപ്പ് തുടങ്ങിയത്.
വിവിധ സ്കൂളുകളില്‍നിന്ന് സംസ്ഥാന കായികോത്സവത്തിലേക്ക് യോഗ്യത നേടിയവരും പരിശീലനത്തിന് വന്നതോടെ ട്രാക്ക് കായികതാരങ്ങളാല് സജീവമായി. നേരേത്ത പാലക്കാട് ജില്ലയിലെ സിന്തറ്റിക് ട്രാക്കിലേക്കാണ് പരിശീലകര്‍ താരങ്ങളെ കൊണ്ടുപോയിരുന്നത്. കുന്നംകുളത്തെ ട്രാക്കില്‍ മികച്ച ബൗണ്‍സ് കിട്ടുന്നതിനാല്‍ ഒട്ടേറെ റെക്കോഡുകൾ കായികാധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ തവണ സംസ്ഥാന മേളയിൽ മികവ് പുലർത്തിയ ജില്ലയിലെ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗം റിലേയിലെ താരങ്ങളും പരിശീലനത്തിലുണ്ട്. ജില്ല ടീം അംഗങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ പരിശീലനത്തിന് ഗ്രൗണ്ട് സൗജന്യമാണ്. മറ്റു ജില്ലകളിൽനിന്ന് വരുന്നവർക്ക് മണിക്കൂറിന് 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ഈ തുക മൈതാനത്തെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കും.
സിന്തറ്റിക് ട്രാക്കില്‍ വെളിച്ചം ഒരുക്കാൻ ഫ്ലഡ്ലൈറ്റുകള് സ്ഥാപിക്കാനുള്ള പണി ശനിയാഴ്ച തുടങ്ങി. മലപ്പുറത്തുനിന്നാണ് ഇവ എത്തിയത്. മൈതാനത്ത് 15 സ്ഥലത്ത് വിളക്കുകളുണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള പണിയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.